മൂവാറ്റുപുഴ: മഞ്ഞുമാക്കൽത്തടം - കല്ലോലിക്കൽ കോളനിക്കാർക്ക് ഇനി കുടിവെള്ളം മുട്ടില്ല. വർഷങ്ങളായി ഇവിടുത്തുകാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ കുടിവെള്ള പദ്ധതി യാഥത്ഥ്യമായി. പദ്ധതി എൽദോ എബ്രഹാം എം.എൽ.എ നാടിന് സമർപ്പിച്ചു.വാർഡ് അംഗം സിബി കുര്യാക്കോ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളയായ വള്ളമറ്റം കുഞ്ഞ്, മേഴ്സി ജോസ്, റാണി ജയ്സൺ, അജി ജോസഫ്, സമിതി സെക്രട്ടറി ജോയിസ് ജോൺ, പ്രസിഡന്റ് ഷിബു എം.വി ,സജിമോൻ പി.ആർ എന്നിവർ സംസാരിച്ചു.
120 കുടുംബങ്ങൾക്ക്
കുടിവെള്ളമായി
മഞ്ഞു മാക്കൽത്തടം - കല്ലോലിക്കൽ കോളനി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ ആരക്കുഴ പഞ്ചായത്തിലെ 9 ,10,11 വാർഡുകളിലെ 120 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമമാണ് പരിഹാരമായത്.
എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 49 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പണ്ടപ്പിള്ളി കവലയിലെ എം.വി.ഐ.പി വക സ്ഥലത്താണ് കിണർ താഴ്ത്തിയത്. 15 എച്ച്.പിയുടെ രണ്ട് മോട്ടറുകൾ സ്ഥാപിച്ചു. തുടർന്ന് 2100 മീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വീടുകളിലേക്ക് കുടിവെള്ളമെത്തിച്ചത്.
നടത്തിപ്പ് സമിതിക്ക്
മാടപ്പള്ളിക്കുന്നേൽ ജോസഫ് വിട്ടു നൽകിയ സ്ഥലത്ത് 30000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നേരത്തെ പണി നിർമ്മിച്ചിരുന്നു. ടാങ്കിൽ വെള്ളം എത്തിച്ച ശേഷം കല്ലോലിക്കൽ കോളനി, ചാന്ത്യം ഭാഗം, മഞ്ഞു മാക്കൽത്തടം ഉൾപ്പെടെ ഉള്ള ഉയർന്ന പ്രദേശങ്ങളിലെക്ക് വെള്ളം എത്തിക്കുകയായിരുന്നു. ദീർഘകാലമായി പ്രദേശവാസികൾ ഉയർത്തിയ പരാതിക്കാണ് പരിഹാരം കണ്ടെത്തിയത്.ജനുവരി മുതൽ മെയ് മാസം വരെ നീണ്ടു നിൽക്കുന്ന കുടിവെള്ള പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.120 കുടുംബാംഗങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. വൈദ്യുതി ബില്ലും, മെയിൻറനൻസ് ചെലവും സമിതി വഹിക്കും.