ആലുവ: എടയാർ വ്യവസായ മേഖലയിലെ റോഡിൽ അപകടക്കെണിയായി രൂപപ്പെട്ട പ്രധാന കുഴി പൊതുമരാമത്ത് വകുപ്പ് അടച്ചു. ശനിയാഴ്ച്ച രാത്രിയാണ് പി.ഡബ്ളിയു.ഡി കരാറുകാരൻ റെഡിമെയ്ഡ് ടാർ മിക്സിംഗ് ഉപയോഗിച്ച് കുഴിയടച്ചത്.
'ഈ റോഡ് എന്ന് നന്നാവും?' എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച്ച 'കേരളകൗമുദി'യിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. വാർത്തയോടൊപ്പം പ്രസിദ്ധീകരിച്ച ചിത്രത്തിൽ ഉണ്ടായിരുന്ന കുഴികൾ മാത്രമാണ് അടച്ചതെന്നാണ് നാട്ടുകാരുടെ പരാതി.കുഴിയടക്കാനെന്ന പേരിൽ അടുത്തിടെ കോൺക്രീറ്റ് കട്ടകൾ വിരിച്ച ഭാഗത്തും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പാത കൈയേറി ടൈൽ വിരിച്ച സ്ഥലങ്ങളിലുമാണ് അപകടഭീഷണിയുള്ളത്.
പൂർണമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ
പ്രക്ഷോഭമാരംഭിക്കും
വേറെയും നിരവധി കുഴികൾ പരിസരത്തുണ്ട്. ഇവയൊന്നും അറ്റകുറ്റപ്പണി നടത്താതെ വലിയ കുഴി മാത്രം അടച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നാസർ എടയാർ പറഞ്ഞു. നിത്യേന നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന എടയാർ വ്യവസായ മേഖലയിലെ റോഡ് പൂർണമായി അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭമാരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.