
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അവകാശവാദങ്ങൾ കളവാണെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്തായി. സ്വപ്നയ്ക്ക് സംയുക്ത ലോക്കർ എടുത്തു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ശിവശങ്കറും പരസ്പരം അയച്ച സന്ദേശങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ.ഡി) കേസിൽ നിർണായകമാകുന്നത്. ഈ സന്ദേശങ്ങളുടെ ബലത്തിലാണ് എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതും അറസ്റ്റ് ഭയന്ന് ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതും.സ്വപ്ന അറസ്റ്റിലായി പത്തു ദിവസങ്ങൾക്ക് ശേഷമുള്ള സന്ദേശങ്ങളിൽ ലോക്കറിനെക്കുറിച്ചുള്ള ആശങ്കകളാണ് വേണുഗോപാൽ ശിവശങ്കറുമായി പങ്കുവയ്ക്കുന്നത്. 2018 നവംബർ മുതൽ ഇരുവരും സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. മാദ്ധ്യമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നാഗർകാേവിൽ അടക്കമുള്ള സ്ഥലങ്ങളിലേക്ക് മാറാവുന്നതാണെന്നും ശിവശങ്കർ വേണുഗോപാലിനെ ഉപദേശിക്കുന്നുണ്ട്.ലോക്കർ തുറന്നതും ഇടപാടുകളും അപ്പപ്പോൾ വേണുഗോപാൽ വാട്സ് ആപ്പ് സന്ദേശങ്ങളായി ശിവശങ്കറിനെ അറിയിച്ചിരുന്നു.ലോക്കറിനെക്കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാൽ ശിവശങ്കറിനെ അറിയിക്കുന്നുണ്ട്. താൻ ആവശ്യപ്പെട്ടിട്ടാണ് സ്വപ്നയുമായി ചേർന്ന് ലോക്കർ എടുത്തന്നതെന്ന വേണുഗോപാലിന്റെ മൊഴി മാദ്ധ്യമങ്ങളിൽ വന്നതും ശിവശങ്കർ പരാമർശിക്കുന്നു. മാദ്ധ്യമങ്ങൾ വീടിന് അടുത്തെത്തിയപ്പോൾ താൻ വീട് അടച്ചെന്ന് വേണുഗോപാൽ. എന്നാൽ, നാഗർകോവിലേക്ക് മാറി നിൽക്കുന്നത് നല്ലതെന്ന് ശിവശങ്കറും പറയുന്നു.തന്റെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം നീങ്ങിയത് മനസിലായെന്ന് ശിവശങ്കറിന്റെ സന്ദേശങ്ങളിൽ നിന്നറിയാം. സ്വപ്നയുടെ പണമിടപാടിൽ ഇടപെട്ടില്ലെന്ന് വിവിധ അന്വേഷണ ഏജൻസികൾക്ക് ശിവശങ്കർ നൽകിയ മൊഴികൾ കളവാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.