കൊച്ചി: കൊവിഡ് പഠിപ്പിച്ച പാഠങ്ങൾ വിവരിച്ച് പത്തു വയസുകാരി ഹൃതിക സുരേഷ് നടത്തിയ പ്രസംഗം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് മലയാളികൾ. എട്ടുമാസത്തെ നീണ്ട അവധിയിൽ സങ്കടപ്പെട്ടിരുന്ന കരുന്നുകൾക്ക് മുന്നിൽ അറിവിന്റെ ആശയങ്ങൾ പകർന്നാണ് കുഞ്ഞ് ഹൃതികയുടെ പ്രസംഗം എത്തിയത്. കൊവിഡിനോടുള്ള മലയാളിയുടെ ചെറുത്ത് നിൽപ്പാണ് ഏഴു മിനിറ്റിന്റെ പ്രസംഗത്തിലുള്ളത്.
ഹൃതികയുടെ നിരവധി പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നഴ്‌സറി ക്ലാസ് മുതൽ തന്നെ ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരത്തിൽ നിരവധി സമ്മാനങ്ങളാണ് കൊച്ചുമിടുക്കി നേടി. ലോക്ക് ഡൗണിൽ ഓൺലൈൻ മത്സരത്തിലൂടെയായിരുന്നു വീണ്ടും പ്രസംഗത്തിൽ സജീവമാവുന്നത്. മത്സരത്തിനായി എടുത്ത വീഡിയോകൾ സോഷ്യൽ മീഡയയിലും എത്തി. നിരവധി പേർ വീഡിയോ പങ്കിട്ടു. കല്ലിനുമുണ്ട് കഥ പറയാൻ എന്ന വിഷയത്തെ അധികരിച്ചു ഹൃതിക സ്വയം തയ്യാറാക്കി അവതരിപ്പിച്ച 18 മിനുട്ടുള്ള പ്രസംഗവും വൈറലായിരുന്നു.
മുരുകൻ കട്ടാക്കടയുടെ പല കവിതകളും സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചിട്ടുണ്ട്. മുത്തച്ഛന്റെ സഹായത്തോടെയാണ് ആദ്യം പ്രസംഗം തയ്യാറാക്കിയിരുന്നത്. വ്യത്യസ്ത വിഷയങ്ങൾ സ്വയം കണ്ടെത്തി രസകരമായി പ്രസംഗം അവതരിപ്പിച്ചു വരികയാണിപ്പോൾ.
കാൽക്കുലേറ്റർ സഹായമില്ലാതെ കണക്കുകൾ അതിവേഗം മനസിൽ കൂട്ടിയെടുക്കാനുള്ള കഴിവും ഹൃതികയ്ക്കുണ്ട്. 2017 ൽ സംസ്ഥാനടിസ്ഥാനത്തിൽ നടന്ന മാസ്റ്റർ മാത്‌സ് ടാലന്റ് ടെസ്റ്റിൽ ജൂനിയർ വിഭാഗത്തിൽ ഹൃതിക ഒന്നാം സ്ഥാനം നേടിയിരുന്നു. എറണാകുളം ജില്ല സഹോദയ മാത്‌സ് ടാലന്റ് ടെസ്റ്റിലും ഒന്നാമതായി. ചാലക്കുടി ക്രെസന്റ് പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മൂവാറ്റുപുഴ സ്വദേശികളായ എൻ.എസ്.സുരേഷ്, അഞ്ജു സുരേഷ് എന്നിവരുടെ മകളാണ് ഹൃതിക.