
കൊച്ചി: കൊവിഡ് ബാധിതർക്കും പരിചരിക്കുന്നവർക്കും കൈത്താങ്ങായി കൊവിഡ് മുക്തരുടെ കൂട്ടായ്മയായ കൊവിഡ് വിന്നേഴ്‌സ്. കളമശേരി രാജഗിരി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ കൊവിഡ് ചികിത്സയ്ക്ക് ശേഷം രോഗമുക്തരായവർ തങ്ങളെ പരിചരിച്ചവരെ കാണാൻ വീണ്ടുമെത്തി. മുൻകൂട്ടി അറിയിച്ച ശേഷമാണ് പരിചരിച്ച ആരോഗ്യപ്രവർത്തകർക്ക് സ്‌നേഹസമ്മാനങ്ങളുമായി എത്തിയത്. ആരോഗ്യപ്രവർത്തകയായ ആതിര മണി പാട്ടുപാടിയാണ് കൊവിഡ് മുക്തരെ സ്വീകരിച്ചത്. കൊവിഡ് ബാധിതരെ ചികിത്സിക്കുന്നവർ എന്ന് കേൾക്കുമ്പോൾ നാട്ടുകാരും വീട്ടുകാരുമൊക്കെ മാറി നിൽക്കുമ്പോഴാണ് രോഗവിമുക്തർ ഇവരെ കാണാൻ വീണ്ടുമെത്തിയത്. ഈ വരവ് വലിയ പ്രചോദനം നൽകുന്നുവെന്ന് രാജഗിരി എഫ്.എൽ.ടി.സി കോ ഓർഡിനേറ്റർ ഡോ. ഷാഹിർ ബക്കർ പറഞ്ഞു.
കൊവിഡ് വിന്നേഴ്‌സ് ചെയർമാൻ അഷ്‌കർ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി എൻ.ആർ. അശ്വതി, പൊലീസ് ഉദ്യോഗസ്ഥനായ ജോബി പി. ഐസക്ക്, എസ്.കെ.എം. ബഷീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഭക്ഷ്യക്കിറ്റുകളും സ്‌നേഹസമ്മാനങ്ങളും അണുവിമുക്തമാക്കിയാണ് പ്രവർത്തകർക്ക് ഉപഹാരം സമർപ്പിച്ചു. ബോധവത്കരണമടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.