manjapetty-ponjassery-roa
തകർന്ന് കിടക്കുന്ന മഞ്ഞപ്പെട്ടി പോഞ്ഞാശ്ശേരി റോഡ്‌

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ മഞ്ഞപ്പെട്ടി പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടും സംസ്ഥാന റോഡ് പുനരുദ്ധാരണ ഫണ്ടും കൂടി യോജിപ്പിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കുന്നത്. മഴ പൂർണമായും മാറിയാൽ റോഡ് ടാറിംഗ് ആരംഭിക്കും. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. റോഡ് ടാറിംഗിന് 27.90 ലക്ഷം രൂപയും കലുങ്കുകളും കാനകളും നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

1.200 കിലോമീറ്റർ നീളത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. 4.50 മീറ്റർ വീതിയിൽ പ്രി മിക്‌സഡ് ക്ലോസ്ഡ് ഗ്രെഡഡ് രീതിയിലാണ് റോഡ് നിർമ്മാണം. ഏറെ നാളുകളായി മോശമായ അവസ്ഥയിലാണ് റോഡ്. ഒന്നര വർഷം മുൻപ് റോഡിലെ കുഴികൾ അടക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും പ്രളയവും കരാറുകാരുടെ സമരവും മൂലം നിർമ്മാണം ഏറ്റെടുക്കുവാൻ ആരും തയ്യാറായിരുന്നില്ല. പ്രളയത്തിന് ശേഷം കുഴികൾ വർദ്ധിച്ചു റോഡ് കൂടുതൽ ശോചനീയാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കുഴികൾ അടക്കുന്നതിന് അനുവദിച്ച തുക അപര്യാപ്തമായതിനെ തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് കൂടി തുക അധിമായി അനുവദിച്ചാണ് നിർമ്മാണം പൂർത്തികരിക്കുന്നത്.

27.90 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. മഞ്ഞപ്പെട്ടി, ചെറുവേലിക്കുന്ന്, മുടിക്കൽ, കനാമ്പുറം, ഏഴിപ്രം, കുന്നുവഴി ഭാഗത്തേക്ക് പോകുന്നതിനും റോഡ് ഗുണകരമാകും. 1.50 കോടി രൂപ അനുവദിച്ചു നിർമ്മാണം പുരോഗമിക്കുന്ന തുറ സമാന്തര പാലം പൂർത്തികരിക്കുമ്പോൾ ഇതുവഴിയുള്ള യാത്ര കുറച്ചു കൂടി സൗകര്യപ്രദമാകും.അനുമതി ലഭ്യമാക്കുവാൻ കാലതാമസം നേരിടേണ്ടി വരും എന്നതിനാലാണ് അടിയന്തിരമായി റോഡ് നിർമാണം പൂർത്തികരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.