ആലുവ: ആലുവ - കളമശേരി പൈപ്പ് ലൈൻ റോഡിലെ അനധികൃത വാഹന പാർക്കിംഗ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി ആലുവ പൊലീസിൽ പരാതി നൽകി. പഞ്ചിമ കൊച്ചിയിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകൾക്ക് മുകളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പല ഭാഗങ്ങളിലും പൈപ്പുകൾ ഭൂനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുകയാണ്. പൈപ്പ് പൊട്ടിയാൽ പശ്ചിമ കൊച്ചിയിലെയും കളമശേരി നഗരസഭ പ്രദേശത്തെയും കുടിവെള്ളം മുട്ടുമെന്ന് മാത്രമല്ല, ജീവഹാനി വരെ സംഭവിക്കാൻ വഴിയൊരുക്കും. ആയതിനാൽ പൈപ്പ് ലൈൻ റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും പാർക്കിംഗും തടയാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.