കൊച്ചി: കൊച്ചിക്കായലിലെ ജലപ്പരപ്പിൽ പറന്നിറങ്ങിയ സീ പ്ലെയിൻ നഗരത്തിന് കൗതുകക്കാഴ്ചയായി. ഇന്ധനം നിറച്ച ശേഷം മടങ്ങി.
മാലദ്വീപിലെ മാല തുറമുഖത്തു നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇന്ധനം നിറയ്ക്കാൻ കൊച്ചിയിലെത്തിയത്.
ദക്ഷിണ നാവികത്താവളത്തിനും കപ്പൽ ശാലയ്ക്കുമിടയിൽ വെണ്ടുരുത്തി കനാലിലാണ് പ്ലെയിൻ 12.45 ന് ഇറങ്ങിയത്. കായൽപ്പരപ്പിൽ ഇറങ്ങിയ ശേഷം നാവികസേനയുടെ ജെട്ടിയിൽ അടുത്തു. ഇന്ധനം നിറച്ചശഷം 2.15ന് പറന്നുയർന്നു.
ഗോവയിലെ മണ്ഡോവി നദിയിൽ ഇന്നലെ വൈകിട്ട് ഇറങ്ങിയ പ്ലെയിൻ ഇന്ന് 2.15 ന് അഹമ്മദാബാദിലെ സബർമതിയിലെത്തും.
സ്പൈസ് ജെറ്റ് ടെക്നിക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലെയിൻ. 19 സീറ്റുകളുണ്ട്. 14 പേർക്ക് യാത്ര ചെയ്യാം.
സബർമതി നദിയിൽ നിന്ന് കെവാദിയലിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റാച്യു ഒഫ് യൂണിറ്റിയിലേക്ക് സർവീസ് നടത്തുന്നതിനാണ് വിമാനം ഉപയോഗിക്കുക. പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് സർവീസ് ആരംഭിക്കും. പ്രതിദിനം എട്ടു സർവീസുകളുണ്ട്. 4,800 രൂപയാണ് ടിക്കറ്റ് നിരക്ക്. രാജ്യത്ത് ആദ്യത്തെ സീ പ്ലെയിനാണിത്.