mathew-t-thomas

കൊച്ചി: ജെ.ഡി.എസ്, എൽ.ജെ.ഡി പാർട്ടികൾ തമ്മിലുള്ള ലയനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള കൂടുതൽ ചർച്ചകൾക്കായി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയേയും കൊച്ചിയിൽ ചേർന്ന ജെ.ഡി.എസ് അഡ്‌ഹോക്ക് കമ്മിറ്റി ചുമതലപ്പെടുത്തി.

സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ കക്ഷികളായിരിക്കുന്ന ജെ.ഡി.എസും എൽ.ജെ.ഡിയും യോജിക്കുക എന്നതാണ് പൊതുവികാരം. മറ്റ് നേതാക്കളുമായി ആലോചിച്ച് ചർച്ചകൾ തുടരുമെന്നും മാത്യൂ ടി.തോമസ് പറഞ്ഞു.

നേരത്തെ ലയനം സംബന്ധിച്ച് തീരുമാനമായിരുന്നെങ്കിലും നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ അദ്ധ്യക്ഷൻ മാത്യു ടി. തോമസ് യോഗം വിളിച്ച് വിഷയത്തിൽ അന്തിമ തീരുമാനമെടുത്തത്. യോഗത്തിന്‌ ശേഷം മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും എൽ.ജെ.ഡി കേരള ഘടകം അദ്ധ്യക്ഷൻ ശ്രേയാംസ് കുമാറുമായി ചർച്ച നടത്തി.
ധാരണയിലെത്തിയശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ലയന പ്രഖ്യാപനം അവിടെയുണ്ടാകും.

യോഗത്തിൽ മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. കൃഷ്ണൻകുട്ടി, ജമീല പ്രകാശം, ജോസ് തെറ്റയിൽ, വി. മുരുകദാസ്, സംസ്ഥാന ഭാരവാഹികൾ, ജില്ല പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.