കൊച്ചി: നഗരത്തിലെ മുല്ലശേരി കനാൽ റോഡിൽ സ്‌ത്രീ നടത്തുന്ന ബ്യൂട്ടിപാർലറിൽ കയറി അതിക്രമം കാണിച്ച കേസിൽ പള്ളുരുത്തി ചാണി പറമ്പിൽ രതീഷ് (45), ഫോർട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്ത് വീട്ടിൽ ആസിഫ് (37), നെട്ടൂർ ബിനാ മൻസിലിൽ നൗഷാദ് )35) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റു ചെയ്‌തു. ഇക്കഴിഞ്ഞ 21 ന് ഉച്ചയ്‌ക്ക് രണ്ടു മണിക്കാണ് സംഭവം.വാടക സംബന്ധിച്ച തർക്കത്തെ തുടർന്ന് വാടകയ്ക്ക് ബ്യൂട്ടിപാർലർ എടുത്തു കൊടുത്ത സ്ത്രീ തന്നെയാണ് മുറി ഒഴിയാൻ ക്വട്ടേഷൻ നൽകിയത്. ഉച്ചത്തിൽ അസഭ്യം വിളിക്കുകയും പരാതിക്കാരിയുടെ കഴുത്തിന് കുത്തി പിടിക്കുകയും ചെയ്തു. പിന്നീട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തി ബ്യൂട്ടി പാർലർ നടത്തുന്ന യുവതി പരാതി നൽകുകയായിരുന്നു. ഇൻസ്‌പെക്ടർ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.