തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്കിന് സമീപം കൊല്ലം സ്വദേശിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമി​ക നി​ഗമനം.
കൊല്ലം ഓയൂർ രേവതി വീട്ടിൽ ദിവാകരൻ നായരുടെ (64 ) ജഡമാണ് ഇന്നലെ വെളുപ്പിന് ഇൻഫോപാർക്ക് കരിമുഗൾ റോഡിൽ മെമ്പർ പടിക്ക് സമീപം പ്രഭാത സവാരിക്കാർ കണ്ടത്.

മുഖത്തിനും കൈകാലുകൾക്കും പരിക്കുണ്ട്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെ വീട്ടിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിന് സമീപം തിരുവോണം നഗറിലെ സഹോദരന്റെ വീട്ടിലേക്ക് മാരുതി​ എസ്റ്റാർ കാറിൽ പോരുകയായിരുന്നു ദിവാകരൻ നായർ. വൈകീട്ട് വീട്ടിലേക്ക് വിളിച്ച് കാർ തകരാറിലായെന്ന് ഭാര്യയോട് പറഞ്ഞു. പിന്നീട് മൊബൈൽ ഫോൺ ഓഫ് ആയി.

മൃതദേഹത്തിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ചെരുപ്പുകളും കണ്ടെത്താനായി​ല്ല. പേഴ്‌സിൽ നിന്നാണ് വിലാസം ലഭിച്ചത്. കാർ

കാക്കനാട് സീ-പോർട്ട് എയർ പോർട്ട് റോഡിലെ വർക്ക് ഷോപ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. നന്നാക്കാൻ ഏൽപ്പി​ച്ചതാണ് ഇവി​ടെ. കാറിൽ നിന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകൾ പൊലീസിന് ലഭിച്ചു. ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

തൃക്കാക്കരയി​ലെ സഹോദരന്റെ വീട്ടി​ൽ ആൾതാമസമി​ല്ല. ഇവി​ടം വൃത്തി​യാക്കാനും മറ്റും വല്ലപ്പോഴും വരുന്ന പതി​വുണ്ടായി​രുന്നു ദി​വാകരൻ നായർക്ക്. ശനി​യാഴ്ചയും അതി​നാണ് വന്നത്.

ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച വെളുപ്പിന് ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോയ ലോറി ഡ്രൈവർമാർ റോഡ് അരികിൽ ഒരാൾ കിടക്കുന്നത് കണ്ടതായി പൊലീസിന് മൊഴിനൽകി. പ്രദേശത്തെ സി.സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ.

ഗംഗാകുമാരി​യാണ് ദി​വാകരൻ നായരുടെ ഭാര്യ. മക്കൾ : രാകേഷ്, മീര