
ആലുവ: ഓൺലൈൻ വഴി ടോക്കൺ എടുക്കാതെ മദ്യം വാങ്ങാൻ എത്തിയത് ചോദ്യം ചെയ്ത ബീവറേജസ് കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മൂന്നംഗ സംഘം മർദ്ദിച്ച് അവശനാക്കിയിട്ടും കേസ് എടുക്കാതെ മുഖം തിരിച്ച് പൊലീസ്. ആലുവ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരൻ നെടുമ്പാശേരി പൊയ്ക്കാട്ടുശേരി കൂടമലപ്പറമ്പിൽ സുധീഷാണ് (39) മർദ്ധനത്തിന് ഇരയായത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. സുധീഷ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഷോപ്പിന്റെ ഷട്ടർ അടയ്ക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ മൂന്ന് പേരെത്തിയത്. മദ്യം ലഭിക്കുമോയെന്ന് സംഘത്തിലെ ഓരാൾ ചോദിച്ചപ്പോൾ ബുക്ക് ചെയ്ത ടോക്കൺ കാണിക്കാൻ സുധീഷ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞ ശേഷം മുകളിലെ നിലയിലേക്ക് ബലമായി സംഘം കയറാൻ ശ്രമിച്ചു. തടഞ്ഞപ്പോഴായിരുന്നു മർദ്ദനം. കരച്ചിൽ കേട്ട് മുകളിൽ നിന്നും മറ്റ് ജീവനക്കാർ ഇറങ്ങിവന്നപ്പോഴേക്കും അക്രമികൾ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.
തുടർന്നാണ് സുധീഷിനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
സംഭവമറിഞ്ഞ് പൊലീസ് ബിവറേജസ് മദ്യവില്പനശാലയിലും ജില്ലാ ആശുപത്രിയിലും എത്തിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ആരും പരാതി നൽകുകയോ ആശുപത്രിയിൽ നിന്നും ഔദ്യോഗിമായി ഇന്റിമേഷൻ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. രാജേഷ് പറഞ്ഞു. അതേസമയം അക്രമണം നടത്തിയത് പട്ടേരിപ്പുറം സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.