
ചങ്ങനാശേരി: അപകടങ്ങളും മരണങ്ങളും ഒഴിയാതെ വലിയകുളം.ബ്ലാക്ക് സ്പോട്ട് ഏരിയായി പ്രഖ്യാപിച്ച വലിയകുളത്ത് വീണ്ടും മൂന്ന് ജീവനുകൾ പൊലിഞ്ഞതോടെ ജംഗ്ഷൻ ഒരിക്കൽകൂടി വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായി മാറുകയാണ്. ശനിയാഴ്ച്ച രാത്രി ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയടക്കം മൂന്ന് പേരാണ് മരിച്ചത്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതി സംഭവിക്കുന്നത്. ചങ്ങനാശേരി വാഴൂർ റോഡിൽ ഏറ്റവും കൂടുതൽ കുഴികൾ നിറഞ്ഞതും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതും ഈ ഭാഗത്താണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ടാറിംഗ് റോഡിനെക്കാൾ ഉയർന്നതും റോഡിനു ഇരുവശത്തും മധ്യഭാഗത്തും വലിയ കുഴികൾ രൂപപ്പെടുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നാളുകൾക്ക് മുൻപ് ഈ ഭാഗത്ത് ബൈക്ക് യാത്രികൻ ബസിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ചീരംഞ്ചിറയിലേക്ക് തിരിയുന്ന റോഡായതിനാൽ ഇവിടെ നിന്നും കയറ്റം കയറി വരുന്ന വാഹനങ്ങളും അപകടത്തിൽപ്പെടാറുണ്ട്. സൈൻ ബോർഡുകളോ, വേഗ നിയന്ത്രണ സംവിധാനങ്ങളോ വലിയകുളത്ത് സ്ഥാപിച്ചിട്ടില്ല.
ഇവിടെ ശ്രദ്ധവേണം
പെരുന്ന, ളായിക്കാട്, തുരുത്തി, കുറിച്ചി, തെങ്ങണ,മാടപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലും വലിയകുളത്തുമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. റോഡിന്റെ വീതി കൂടുതലും ഹംപുകളും സ്ഥാപിക്കാത്തതും പ്രദേശത്ത് അപകടം വർദ്ധിപ്പിക്കുന്നു. കുരിശുംമൂട്, തെങ്ങണ, റെയിൽവേ ബൈപ്പാസ്, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഹോംഗാർഡുകൾ നിലവിലുണ്ടെങ്കിലും വലിയകുളത്ത് ഹോം ഗാർഡിന്റെ സേവനമില്ല.