അങ്കമാലി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എം.സി. റോഡിൽ നിന്നുമുള്ള മുഖ്യ കവാടമായ നായത്തോട് കവലയിൽ അപകടകെണിയൊരുക്കി മീഡിയൻ ,അശാസ്ത്രീയമായ മീഡിയൻ നിർമ്മാണവും അപകട സൂചന ബോർഡുകളും ഇല്ലാത്തതുമാണ് അപകടം കാരണം.
എം.സി റോഡിൽ എയർപോർട്ടിലെക്ക് തിരിയുന്ന മൂന്നു കൂടിയ ജംഗ്ഷനിലാണ് മരണക്കെണിയായി മീഡിയൻ. ഒരു വിധമുന്നറിയിപ്പു സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. രാത്രിയിലാണ് അപകടങ്ങൾ ഏറേയും ഉണ്ടാകുന്നത്. അപകട പരമ്പരകൾ തുടർക്കഥയായിട്ടും അധികൃതർ തിരിഞ്ഞു നോക്കാൻ തയ്യാറായിട്ടില്ല. വൻ ദുരന്തത്തിനു കാത്തു നില്ക്കാതെ അടിയന്തിരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ശാസ്ത്രീയമായി മീഡിയൻ നിർമ്മിച്ചും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മീഡിയൻ കാണുന്നില്ല
റോഡിന്റെ വശങ്ങളിലും മീഡിയനിലും റിഫ്ളക്ടർപതിച്ചിട്ടില്ല. ഇവിടെ ആർക്കും പ്രത്യക്ഷത്തിൽ അടുത്തുവരുന്നവരെ ഈ മീഡിയൻ കാണാനാകില്ല. അതിവേഗത്തിൽ കാലടി ഭാഗത്തുനിന്നും വരുന്നവാഹനങ്ങളാണ് സ്ഥിരമായി ഇവിടെ അപകടത്തിൽ പെടുന്നത്. ഡബിൾ പാലം കഴിയുന്നതോടെ രണ്ട് വലിയ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ മീഡിയനടുത്തെത്തുമ്പോൾ മാത്രമേ ഡ്രൈവർക്ക് മീഡിയൻ കാണാനാകു. വാഹനങ്ങൾ മീഡിയനിൽ കയറിയും ,മീഡിയനിൽ ഇടിക്കാതെ പെട്ടന്ന് വെട്ടിച്ചു മാറ്റുകയും ചെയ്യുന്നതോടെയാണ് നിയന്ത്രണം വിട്ട വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് .നിരവധി വാഹനങ്ങളാണ് ഈ വിധം അപകടത്തിൽ പെടുന്നത്.
പ്രക്ഷോഭങ്ങൾ നടത്തിയിട്ടും നടപടിയില്ല
തലനാരിഴ വ്യത്യാസത്തിലാണ് നാളിതു വരെ ആളപായം ഒഴിവായിട്ടുള്ളത്. അശാസ്ത്രിയ മീഡിയൻ നിർമ്മാണത്തിനെതിരെ യുവജനസംഘടനകൾ പ്രക്ഷോഭങ്ങൾ നടത്തിയിട്ടും നാട്ടുകാരും പൊതുപ്രവർത്തകരും നേരിട്ട് അധികൃതർക്ക് പരാതികൾ നൽകിയിട്ടും വൻ ദുരന്തത്തിനായി കാത്തു നിൽക്കുകയാണ് അധികൃതർ .