കൊച്ചി: സഹകരണ വകുപ്പിന്റെ കോഓപ് മാർട്ട് നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങുന്നതോടെ സഹകരണസംഘങ്ങളുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽനിന്ന് വാങ്ങാം. ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ആരംഭിക്കുന്ന ആദ്യ വിപണനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിഷരഹിതമായ ജൈവഉത്പന്നങ്ങളാണ് കോഓപ് മാർട്ടുകൾ വിപണിയിലെത്തിക്കുന്നത്. ഇത് കർഷകരുടെ വിപണനകേന്ദ്രം കൂടിയായി മാറും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് വില്പനശാലകൾ ആരംഭിക്കുന്നത്.
കൃഷി പ്രോത്സാഹിപ്പിക്കാൻ സംഘങ്ങളുടെ നേതൃത്വത്തിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സഹായവും പ്രോത്സാഹനവും നൽകിയിരുന്നു. ഈ ഉത്പന്നങ്ങളും സ്റ്റാളിൽ വിപണനത്തിനുണ്ടാകും.
ഒക്കൽ സർവീസ് സഹകരണ ബാങ്ക് ഉല്പാദിപ്പിക്കുന്ന അരി, അരിപ്പൊടി എന്നിവയ്ക്ക് പുറമെ ശുദ്ധമായ പാൽ, പാൽ ഉത്പന്നങ്ങൾ, കയർ ഉത്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, പട്ടികജാതി സഹകരണ സംഘങ്ങൾ നിർമ്മിച്ച മുള ഉത്പന്നങ്ങൾ, നാടൻ കോഴിമുട്ട, മത്സ്യം, വെളിച്ചെണ്ണ തുടങ്ങിയവ മാർട്ടിൽ ലഭ്യാകും. വിപണനകേന്ദ്രം പെരുമ്പാവൂർ കോതമംഗലം റോഡിലാണ് സ്ഥിതിചെയ്യുന്നത്.