sanumaster

കൊച്ചി: ആയിരങ്ങളുടെ ആദരണീയനായ ഗുരുനാഥനും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ പ്രൊഫ.എം.കെ. സാനുവിന് ഇന്ന് 94 ാം പിറന്നാൾ. ശ്രീനാരായണീയ ദർശനങ്ങൾ ആഴത്തിലറിഞ്ഞ അദ്ദേഹത്തിന് ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമാണ് കൊവിഡ് കാലത്ത് കടന്നുപോകുന്നത്.

മഹാരാജാസ് കോളേജ് അദ്ധ്യാപകനായി ചേർത്തലയിൽ നിന്ന് എറണാകുളത്തെത്തിയ അദ്ദേഹം നഗരത്തിന്റെ പ്രിയങ്കരനുമാണ്. 94 ലെത്തുമ്പോഴും അദ്ദേഹം എഴുത്തിലും വായനയിലും സജീവമാണ്. കൊവിഡ് കാലമായതിനാൽ യാത്രകളെല്ലാം ഒഴിവാക്കി കാരിക്കാമുറിയിലെ സന്ധ്യയിലുണ്ട്. ഭാര്യ രത്നമ്മയുടെ അനാരോഗ്യം മാത്രമാണ് അദ്ദേഹത്തെ അലട്ടുന്നത്. പിറന്നാൾ ആഘോഷിക്കുന്നില്ല.

ആലപ്പുഴ തുമ്പോളി സ്വദേശിയായ എം.കെ. സാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കി 1955 ൽ കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി. 1956 ഡിസംബറിൽ മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായാണ് എറണാകുളത്തെത്തിയത്. വിരമിക്കുന്നതു വരെ മഹാരാജാസിൽ തുടർന്നു. പാഠങ്ങളിലൂടെ മാത്രമല്ല, ഹൃദയം കൊണ്ട് സംവദിച്ചും സ്നേഹം പകർന്നും അദ്ദേഹം ശിഷ്യർക്ക് പ്രിയങ്കരനായ ഗുരുനാഥനായി, സാനുമാഷായി.

ശ്രീനാരായണഗുരുദേവദർശനം ആഴത്തിൽ പഠിച്ച അദ്ദേഹം പ്രഭാഷകൻ എന്ന നിലയിലും തിളങ്ങി. എഴുത്തിനൊപ്പം പ്രഭാഷണവും അദ്ദേഹത്തിന് അനായാസം വഴങ്ങി. 1987 ൽ എറണാകുളം മണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് എം.എൽ.എയുമായി. കൊച്ചി കാൻസർ സെന്ററിന്റെയും മെഡിക്കൽ കോളേജിന്റെയും വളർച്ചയ്ക്ക് പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റിന്റെ സാരഥി കൂടിയാണ് അദ്ദേഹം.

2018 ഒക്ടോബർ 27 ന് ശിഷ്യർ നവതി ആഘോഷിച്ചിരുന്നു. മഹാരാജാസ് കോളേജിൽ മാഷ് വീണ്ടും അദ്ധ്യാപകനായെത്തി. അമ്പതോളം ശിഷ്യർ പഴയ വിദ്യാർത്ഥികളായി ക്ളാസിലിരുന്നു.

വിരമിച്ചെങ്കിലും വിശ്രമമില്ലാത്ത കാലമായിരുന്നു മാഷിന്. അറുപതോളം പുസ്തകങ്ങൾ രചിച്ച അദ്ദേഹം വായനയും പഠനവുമായി ഇപ്പോഴും സജീവമാണ്. കൊവിഡ് വന്ന് യാത്രകൾ മുടക്കിയത് മാത്രമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റം.