 
കൊച്ചി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ ഫെഡറൽ ബാങ്ക് കൊച്ചിയിൽ മൊബൈൽ എ.ടി.എം സേവനം ആരംഭിച്ചു. മറ്റു നഗരങ്ങളിൽ ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്കും സേവനം വ്യാപിപ്പിച്ചത്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന മൊബൈൽ എ.ടി.എം വാനിൽനിന്ന് ഏതു ബാങ്കിന്റെ ഉപഭോക്താക്കൾക്കും പണം പിൻവലിക്കാം.
ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ മേധാവിയുമായ വി.വി. അനിൽകുമാർ മൊബൈൽ എ.ടി.എം ഫ്‌ളാഗ് ഒഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജോയ് പോൾ പങ്കെടുത്തു. ജനങ്ങളുടെ യാത്ര കുറക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും സഹായിക്കുന്ന രീതിയിൽ കേരളത്തിന്റെ മറ്റു മേഖലകളിലേക്കും മൊബൈൽ എ.ടി.എമ്മുകൾ വ്യാപിപ്പിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.