നെടുമ്പാശേരി: നെടുമ്പാശേരി, കാഞ്ഞൂർ പഞ്ചായത്തുകളിലെ പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളെ ഫാമിലി ഹെൽത്ത് സെന്ററുകളാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പ്രൈമറി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ ഒ.പി യുടെ സമയം രാവിലെ ഒമ്പത് മുതൽ ഒന്ന് വരെ എന്നത് രാവിലെ 9 മുതൽ വൈകീട്ട് ആറ് വരെയാകും. നാല് ഡോക്ടർമാരും, നാല് സ്റ്റാഫ് നഴ്‌സുമാരും, മറ്റു സ്റ്റാഫുകളും ഉണ്ടാകും. ദിവസവും നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് ക്ലിനിക്, ശ്വാസസംബന്ധമായ രോഗികൾക്കുള്ള ശ്വാസ് ക്ലിനിക്, മാനസിക സംഘർഷമുള്ള രോഗികൾക്കായി ആശ്വാസ് ക്ലിനിക്, യോഗ വെൽനെസ് ക്ലിനിക് എന്നിവയുമുണ്ടാകും. കൂടാതെ സബ്‌ സെന്ററുകളിൽ എല്ലാ ദിവസവും വ്യത്യസ്ത രോഗങ്ങൾക്കുള്ള ക്ലിനിക്കുകളും പ്രവർത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു.