ചീരക്കട ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ
ആലുവ: കൊവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രങ്ങളിൽ ലളിതമായി വിദ്യാരംഭ ചടങ്ങുകൾ നടന്നു. ചീരക്കട ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയുടെ ഭാഗമായി പൂജയെടുപ്പും വിദ്യാരംഭവും നടന്നു. ക്ഷേത്രം മേൽശാന്തി രവി തോട്ടത്തിൽ കാർമ്മികത്വം വഹിച്ചു. വിദ്യാരംഭം കുറിക്കാൻ എത്തിയ കുരുന്നുകൾക്ക് രക്ഷിതാക്കൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം പ്രസിഡൻറ് ശ്രീനാഥ് നായിക്ക്, സെക്രട്ടറി എൻ. അനിൽ കുമാർ, എ.എസ്. സലിമോൻ, എം.കെ. അയ്യപ്പൻ നായർ, ദേവദാസ്, കെ.എൻ. നാരായണൻകുട്ടി, എം.പി. സുരേന്ദ്രൻ, കെ.കെ. പ്രദീഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ
നെടുമ്പാശേരിയിൽ നവരാത്രി ആഘോഷം നടക്കുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നായ ആവണംകോട് സരസ്വതി ക്ഷേത്രത്തിലും ഇക്കുറി ലളിതമായ ആഘോഷമാണ് നടന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് ആദ്യാക്ഷരം കുറിക്കാൻ കുറച്ച് കുട്ടികൾ മാത്രമാണെത്തിയത്. ക്ഷേത്രം മേൽശാന്തിയുടെ നിർദ്ദേശപ്രകാരം മാതാപിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് നൽകിയത്.