
കൊച്ചി: മെട്രോ നിർമ്മാണം പോലെ കൊച്ചിയെ വീണ്ടും വിസ്‌മയിപ്പിക്കുകയാണ് പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുപണി. ഒരുമാസം കൊണ്ട് പ്രതീക്ഷിച്ചതിലും വേഗത്തിൽ പൊളിക്കലും നിർമ്മാണവും ഒരേപോലെ മുന്നേറുന്നു. വലിയൊരു പണി നടക്കുന്നുണ്ടെങ്കിലും ദേശീയപാതയിൽ ഗതാഗതക്കുരുക്കില്ല. എല്ലാത്തിലും ഡി.എം.ആർ.സി സ്പർശം തുളുമ്പുന്നു.
ബലക്ഷയത്തെ തുടർന്ന് വിവാദത്തിലായ ദേശീയപാതയിലെ ഫ്ളൈ ഓവർ സുപ്രീം കോടതിയുടെ അനുമതിയോടെയാണ് പൊളിച്ചുപണിയുന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാ (ഡി.എം.ആർ.സി) ണ് ചുമതല. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ.
ആറു സ്പാനുകൾ നീക്കം ചെയ്തുകഴിഞ്ഞു. ആറാം സ്പാനിന്റെ അവസാന ഗർഡർ ഇന്നലെ രാത്രി മുറിച്ചിറക്കി. ഒൻപത് ഗർഡറുകൾ വീതമാണ് ഒരു സ്പാനിലുള്ളത്. ഗർഡർ യന്ത്രമുപയോഗിച്ച് മുറിച്ചു താഴെയിറക്കും. അവിടെ വച്ചുതന്നെ പൊട്ടിച്ച് കോൺക്രീറ്റും കമ്പിയും വേർപെടുത്തും. കോൺക്രീറ്റ് അവശിഷ്ടം റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കേരളക്ക് നൽകുകയാണ്. കോർപ്പറേഷന്റെ നിർമ്മിക്കുന്ന റോഡുകൾക്കാണ് ഇവ ഉപയോഗിക്കുന്നത്.
എട്ടു ഗർഡർ റെഡി
പൊളിച്ചുമാറ്റുന്ന ഗർഡറുകൾക്ക് പകരം പ്രീ ട്രസ്ഡ് കോൺക്രീറ്റ് (പി.എസ്.സി) ഗർഡറുകളാണ് സ്ഥാപിക്കുക. മുട്ടത്തെ ഡി.എം.ആർ.സിയുടെ യാർഡിൽ എട്ട് ഗർഡറുകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായി. ആകെ 102 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കണം. റീ ഇൻഫോഴ്സ്ഡ് സിമന്റ് കോൺക്രീറ്റ് ഗർഡറുകളാണ് ആദ്യം ഉപയോഗിച്ചത്. ഇവ മുറിച്ചുമാറ്റുന്നതിനൊപ്പം പുതിയ പി.എസ്.സി ഗർഡറുകളുടെ നിർമ്മാണവും പൂർത്തിയാക്കും. ബലം കൂടുതൽ ലഭിക്കുന്നതാണ് ഉരുക്ക് ഉപയോഗിച്ച് നിർമ്മിക്കുന്ന പി.എസ്.സി ഗർഡറുകൾ. ഗർഡർ പൊളിക്കലും പുതിയത് നിർമ്മിക്കലും മൂന്നുമാസം കൊണ്ട് പൂർത്തിയാക്കും.
മെട്രോമാൻ കാണുന്നു, ലൈവായി
പാലം പൊളിച്ചുപണിയുടെ സുപ്രധാന കാര്യങ്ങൾ ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ തത്സമയം പട്ടാമ്പിയിലെ വീട്ടിലിരുന്നു കാണുന്നുണ്ട്. പണിയുടെ ചുമതല വഹിക്കുന്ന ഡി.എം.ആർ.സി ചീഫ് എൻജിനീയർ കേശവ് ചന്ദ്രൻ വീഡിയോ കോളിലൂടെയാണ് എല്ലാദിവസവും പണികൾ മെട്രോമാനെ കാണിക്കുന്നത്. അവ വിലയിരുത്തി അദ്ദേഹം നിർദ്ദേശങ്ങൾ നൽകും. പണികൾ ആരംഭിച്ചശേഷം ഒരുതവണ മാത്രമാണ് ഇ. ശ്രീധരൻ സ്ഥലത്തെത്തിയത്.
കുരുക്ക് കാണാനില്ല
പാലം പൊളിച്ചുപണിയുമ്പോൾ വലിയ ഗതാഗതക്കുരുക്കും ശല്യങ്ങളും പ്രതീക്ഷിച്ച നഗരവാസകളെ വിസ്മയിപ്പിക്കുന്നതാണ് നിലവിലെ സ്ഥിതി. പാലത്തിനടിയിലൂടെ ഗതാഗതം ഒഴിവാക്കി യു.ടേൺ സംവിധാനം ഒരുക്കിയതോടെ തിരക്കും കുരുക്കും ഒഴിവായി. രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്തൊഴികെ കാത്തുകിടക്കാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാം. ഫ്ളൈ ഓവർ നിർമ്മാണം പൂർത്തിയായ വൈറ്റില ജംഗ്ഷനിലെ തിരക്കുപോലും പാലാരിവട്ടത്തില്ലെന്ന് യാത്രക്കാർ പറയുന്നു.
കോൺക്രീറ്റ് മുറിക്കുമ്പോഴും പൊടിക്കുമ്പോഴും പൊടി, ശബ്ദശല്യം രൂക്ഷമാകുമെന്ന് ഭയന്നതും വെറുതെയായി. ശബ്ദശല്യം തീരെയില്ലാത്ത രീതിയിലാണ് ഗർഡറുകൾ മുറിക്കുന്നത്. പൊടിക്കുന്നയിടത്ത് വെള്ളം തളിക്കുന്നതുമൂലം പൊടിശല്യം തീരെയില്ല.
എല്ലാം സുഗമം
ഇതുവരെയുള്ള നിർമ്മാണം വേഗത്തിലും സുഗമവുമായി തുടരുകയാണ്. യാതൊരു തടസങ്ങളും നേരിടുന്നില്ല. പൊളിക്കലും നിർമ്മാണവും ഒരുപോലെ പ്രാധാന്യത്തോടെ നടക്കുന്നുണ്ട്.
കേശവ് ചന്ദ്രൻ
ചീഫ് എൻജിനീയർ
ഡി.എം.ആർ.സി