road
പട്ടിമറ്റം പത്താം മൈൽ റോഡു നിർമ്മാണം പുനരാരംഭിച്ച നിലയിൽ

കോലഞ്ചേരി: വാദപ്രതിവാദങ്ങളും, അവകാശത്തർക്കങ്ങളും, റോഡ് അറ്റകുറ്റപ്പണിയുടെ പുനരാരംഭ പിതൃത്വവും മാറ്റി നിർത്തി, പട്ടിമറ്റം പത്താംമൈൽ റോഡിൽ വീണ്ടും റോഡ് റോളർ ഉരുണ്ടു തുടങ്ങി. രണ്ടു വർഷം മുമ്പ് തുടങ്ങിയ റോഡു പണിയാണ് ഒടുവിൽ കോടതി കയറിയത്. കോടതിയിൽ വി.പി സജീന്ദ്രൻ എം.എൽ.എ ഹർജി നല്കിയിരുന്നു. എന്നാൽ കരാറുകാരനെ കരമ്പട്ടികയിൽ പെടുത്താൻ തീരുമാനമെടത്ത് സർക്കാർ കോടതിയിൽ നിലപാടെടുത്തതാണ് കേസിൽ വഴിത്തിരിവുണ്ടായതെന്നാണ് ഭരണമുന്നണിയുടെ വാദം. പണി നടത്താതിരിക്കാൻ കരുറുകാരന് മേൽ സമ്മർദ്ദം ചെലുത്തി തന്നെ പ്രതിക്കൂട്ടിലാക്കാൻ ഭരണമുന്നണി നടത്തിയ പൊറാട്ടു നാടകത്തിന് കോടതി വിധി വഴി തീർപ്പായതെന്ന് എം.എൽ.എയും പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് 'കേരള കൗമുദി' പ്രസിദ്ധീകരിച്ച നിരവധി വാർത്തകളും വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.

പട്ടിമറ്റം റോഡ് സംയുക്ത സമരസമിതി കൂട്ടായ്മ

വേനലിൽ പൊടിയും, മഴക്കാലത്ത് ചെളിയും നിറഞ്ഞ റോഡിനു സമീപം ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നതോടെ നാട്ടുകാർ പ്രത്യക്ഷ സമരത്തിനുമിറങ്ങി. 'പട്ടിമറ്റം റോഡ് സംയുക്ത സമരസമിതി ' എന്ന പേരിലുണ്ടാക്കിയ വാട്ട്സപ്പ് കൂട്ടായ്മ വഴി പരസ്പരം ചർച്ച ചെയ്തും അധികൃതരിലും വിവിധ മുന്നണി നേതൃത്വവുമായി നേരിട്ടടപെട്ടും നാട്ടിലെ ഒരു പറ്റം യുവ തലമുറയുടെ പോരാട്ട വിജയം കൂടിയാണ് റോഡ് പണി പുനരാരംഭിക്കാൻ ഇടയാക്കിയത്.

റോഡ് നിർമ്മാണം ഒരു ഫ്ളാഷ്ബാക്ക്

സർക്കാർ കിഫ്ബി വഴി 32.6 കോടി രൂപയാണ് അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി 2018 ജൂലായ് 20 നാണ് 26.54 കോടി രൂപക്ക് റോഡ് നിർമ്മാണം ടെണ്ടർ ചെയ്തത്. 18 മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ ഒന്നും നടന്നില്ല. കാരാർ കാലാവധി കഴിഞ്ഞ ജനുവരിയിൽ തീരുകയും ചെയ്തു. പ്രതിഷേധമുയർന്നതോടെ വകുപ്പ് തല യോഗം ചേരുകയും മന്ത്റി തല ഇടപെടലിനെ തുടർന്ന് പദ്ധതിയിലെ പട്ടിമ​റ്റം പത്താം മൈൽ, പള്ളിക്കര മനക്ക കടവ് റോഡുകളുടെ പുനർനിർമ്മാണം ചെയ്യാമെന്നേ​റ്റ കരാറുകാരൻ കിഴക്കമ്പലം നെല്ലാട് റോഡിന്റെ കരാർ ഒഴിയുകയായിരുന്നു.റോഡ് വീതി കൂട്ടാൻ 46 മരങ്ങൾ മാ​റ്റണം, കുടിവെള്ളം മുടങ്ങാതിരിക്കാൻ കുടിവെള്ള പൈപ്പുകൾ മാ​റ്റണം, റോഡിന്റെ അലൈൻമെന്റുകൾ കൃത്യമാക്കാൻ സർവെ വകുപ്പിന്റെയും ഇടപെടലുകൾ വേണം എന്നാൽ സർവ വകുപ്പിലെയും ഉദ്യോഗസ്ഥർ ഇടം തിരിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു .‌

നിലവിൽ നടക്കുന്നത്

ടെണ്ടർതുകയിൽ മാറ്റം വരുത്താതെ പ്രായോഗികമായ സമീപനത്തിലൂടെ നിർമ്മാണം പൂർത്തിയാക്കാൻ അനുമതി നല്കി. റോഡിന്റെ നിലവിലുണ്ടായിരുന്ന ടെണ്ടറിന്റെ ഘടനയിൽ മാറ്റം വരുത്തിയാകും നിർമ്മാണം. അതായത് റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ അനുബന്ധമായി തീരേണ്ട ഏതാനും ജോലികൾ തത്കാലം മാറ്റും.