ആലുവ: പ്രാദേശിക നേതാക്കളുമായുള്ള തർക്കം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞവസാനിപ്പിച്ചതിനെ തുടർന്ന് നഗരത്തിലെ ബി.ജെ.പിയുടെ ഏക വനിതാ മുഖമായിരുന്ന പ്രീത രവി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഇതേതുടർന്ന് രണ്ടര മാസം മുമ്പ് പ്രീത രവി നൽകിയ രാജി പിൻവലിച്ചു. മാത്രമല്ല, മുനിസിപ്പൽ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായും പ്രീത രംഗത്തിറങ്ങും.

കഴിഞ്ഞ ദിവസം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എ. സെന്തിൽകുമാർ, പ്രീത രവി എന്നിവരുമായിട്ടാണ് ജയകൃഷ്ണൻ ചർച്ച നടത്തിയത്. പ്രീത രവീന്ദ്രൻ താമസിക്കുന്ന ഊമൻകുഴിതടം 11-ാം വാർഡിൽ മൂന്നുനില കെട്ടിടത്തിന്റെ അടിത്തട്ടിൽ നിന്നും മണ്ണിടിഞ്ഞ സ്ഥലത്തെത്തിയ നഗരവാസികൾ പോലുമല്ലാത്ത രണ്ട് വനിതകൾ അനാവശ്യമായി അധിക്ഷേപിച്ചിട്ടും സ്ഥലത്തുണ്ടായിരുന്ന പാർട്ടി മണ്ഡലം ഭാരവാഹികൾ വിഷയത്തിൽ ഇടപെടാതെ മൗനംപാലിച്ചതിനെ തുടർന്നായിരുന്നു രാജി. ജില്ലാ പ്രസിഡന്റിന് നൽകിയ രാജിക്കത്ത് നവമാദ്ധ്യമങ്ങളിലും പ്രചരിച്ചതോടെ വിഷയം കൂടുതൽ വിവാദമായി. മാത്രമല്ല, 11 -ാം വാർഡിൽ പ്രീത സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനും തയ്യാറെടുപ്പ് നടത്തി. ഇതോടെയാണ് ചില സംഘപരിവാർ നേതാക്കൾ വിഷയം രമ്യതയിലാക്കാൻ ഇടപെട്ടത്.

മണ്ഡലം കമ്മിറ്റിയുടെ പരിപാടികളിൽ പ്രീതക്ക് അർഹമായ പരിഗണന നൽകണമെന്ന് ജയകൃഷ്ണൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രീതക്കെതിരെ നവമാദ്ധ്യമങ്ങളിൽ അക്ഷേപകരമായ പ്രചരണം നടത്തിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.