കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കനാൽ - തോട് നവീകരണത്തിനായി ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലേക്ക് അഞ്ചുകോടി രൂപ നൽകാൻ കൊച്ചി നഗരസഭ തീരുമാനിച്ചു. ഇൗ തുക സർക്കാർ അനുമതി നൽകുന്നതോടെ കൈമാറാമെന്നും നഗരസഭയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടുതേടിയ സിംഗിൾബെഞ്ച് ഹർജി ഒക്ടോബർ 28 നു പരിഗണിക്കാൻ മാറ്റി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിനായി അമൃത് പദ്ധതിയിൽനിന്ന് പണം ചെലവഴിക്കാൻ കഴിയില്ലെന്നും നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് പണം നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

നവീകരണ പദ്ധതികൾ

 മുല്ലശേരി കനാൽ നവീകരണം

 ട്വൾവ്ഫീറ്റ് ലിങ്ക് കനാലിന്റെ അറ്റ്ലാന്റിസ് മുതൽ വടുതല വരെയുള്ള ഭാഗത്തിന്റ നവീകരണം

 പുഞ്ചത്തോട് നവീകരണം

 കാരിത്തോട് നവീകരണം എന്നിവയാണ് പ്രധാനമായും നടത്തേണ്ടത്.

 സർക്കാർ കണക്കുനൽകി

ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ - തോട് നവീകരണത്തിനുള്ള ചെലവ് എത്രയെന്ന് വ്യക്തമാക്കി പദ്ധതി ചെയർമാൻ നഗരസഭയ്ക്ക് പത്തുദിവസത്തിനകം കണക്കു നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് അഞ്ചുകോടിരൂപ ചെലവു വരുമെന്ന് കണക്ക് നൽകിയത് . തുടർന്നാണ് നഗരസഭ തുക നൽകാൻ തീരുമാനിച്ചത്.