
നികുതിയും വൻ പിഴയും ഈടാക്കി സർക്കാർ
കൊച്ചി: ജി.എസ്.ടി അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാത്ത ആയിരക്കണക്കിന് വ്യാപാരികൾക്ക് സർക്കാർവക നികുതിയും പലിശയും വൻ പിഴയും. വിതരണക്കാരനിൽ (സപ്ളൈയർ) നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന നികുതി, സാധനം വിറ്റഴിക്കുമ്പോഴുള്ള നികുതിയിൽ നിന്ന് കുറച്ച് ബാക്കിയാണ് വ്യാപാരി സർക്കാരിലേക്ക് അടയ്ക്കേണ്ടതെന്നാണ് ജി.എസ്.ടി ചട്ടം.
എന്നാൽ, വിതരണക്കാരൻ നികുതി അടച്ചില്ലെങ്കിൽ വ്യാപാരിക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. വിതരണക്കാരനെക്കൊണ്ട് നികുതി അടപ്പിക്കാനുള്ള ബാദ്ധ്യതയും വ്യാപാരിക്കാണ്. വിതരണക്കാരന്റെ വീഴ്‌ചയ്ക്ക് വ്യാപാരിയിൽ നിന്ന് വൻ തുക പിഴയും പലിശയും ഈടാക്കുകയാണ് സർക്കാരെന്ന് കേരള ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
റിട്ടേൺ സ്‌ക്രൂട്ടിനി നോട്ടീസുകൾ ജി.എസ്.ടി പോർട്ടലിൽ ലഭ്യമാണെങ്കിലും ജി.എസ്.ടി അക്കൗണ്ടുകൾ നേരിട്ട് കൈകാര്യം ചെയ്യാത്തതിനാൽ ആയിരക്കണക്കിന് വ്യാപാരികൾ ഇതറിയുന്നില്ല. 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെന്ന് കാട്ടി, വ്യാപാരികളിൽ നിന്ന് സർക്കാർ നികുതിയും പിഴയും പലിശയും ഈടാക്കുകയാണ്.
കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഈ ബാദ്ധ്യത കൂടി താങ്ങേണ്ടിവരുന്നത് സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്കാണ് നയിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കുറയ്ക്കണം ബാദ്ധ്യത
ബി2ബി വ്യാപാരമില്ലാത്ത വ്യാപാരികളെ ജി.എസ്.ടി-1 റിട്ടേണിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ. മണിരഥൻ ആവശ്യപ്പെട്ടു. നോട്ടീസുകൾ ജി.എസ്.ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ വ്യാപാരിക്ക് അറിയിപ്പ് നൽകണം.
രണ്ടുകോടി രൂപയ്ക്ക് താഴെ വിറ്റുവരവുള്ളവരെ ലേറ്റ് ഫീസിൽ നിന്ന് ഒഴിവാക്കണം. പലിശനിരക്ക് 18ൽ നിന്ന് ഒമ്പത് ശതമാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.