കിഴക്കമ്പലം: പട്ടിമറ്റം, എരപ്പുംപാറ, കൈതക്കാട് തൈക്കാവിന് സമീപം റബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ട ചാക്കുകെട്ടിൽനിന്നും 11 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ വെളുപ്പിന് പുരയിടത്തിൽ റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് ചാക്ക് കണ്ടെത്തിയത്. വിവരം സ്ഥലമുടമയെ അറിയിച്ചു. ഉടമ സ്ഥലത്തെത്തി നോക്കിയപ്പോൾ ചാക്കിൽ ബ്രൗൺ പേപ്പർകൊണ്ട് പൊതിഞ്ഞ് ടേപ്പ് ചുറ്റിയ നിലയിൽ 5 പായ്ക്കറ്റുകൾ കണ്ടെത്തി. ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുന്നത്തുനാട് പൊലീസ് പായ്ക്കറ്റ് തുറന്നു പരിശോധിച്ചപ്പോളാണ് കഞ്ചാവാണെന്ന് മനസ്സിലായത്.
ഞായറാഴ്ച രാത്രി പട്ടിമറ്റം കിഴക്കമ്പലം റോഡിൽ കണ്ടങ്ങതാഴം ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു പായ്ക്കറ്റിൽ നിന്ന് 2 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്. കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർവി.ടി ഷാജന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. രാത്രി പൊലീസ് പട്രോളിംഗിനിടെ പൊതി കൃത്യമായി കൈമാറാൻ കഴിയാതെവന്നതോടെ മയക്കുമരുന്ന് സംഘങ്ങൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.