നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഏകപക്ഷീയമായ എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് (എസ്) യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പാറക്കടവ് ബ്ളോക്കിൽ ഒരു സീറ്റും ചെങ്ങമനാട്, നെടുമ്പാശേരി, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഒരു സീറ്റ് വീതവുമാണ് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടതെങ്കിലും ചെങ്ങമനാട് പഞ്ചായത്തിൽ 13 -ാം വാർഡ് മാത്രമാണ് സി.പി.എം ഉറപ്പ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉൾപ്പെടെയുള്ള നേതാക്കൾ ഈ മേഖലയിൽ നിന്നുള്ളവരായിട്ടും പാർട്ടിയെ സി.പി.എം നേതൃത്വം അവഗണിക്കുകയാണെന്നാണ് ആക്ഷേപം. രേഖാമൂലം അതൃപ്തി അറിയിച്ച ശേഷമാണ് ഇറങ്ങിപ്പോന്നത്. കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി പോൾ പെട്ട, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതിയംഗം ബൈജു കോട്ടയ്ക്കൽ, രവി മേക്കാട്, പി.എസ്. അശോക് കുമാർ എന്നിവരാണ് ഇറങ്ങിപോന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ, ഏരിയ കമ്മിറ്റിയംഗം ഇ.എം. സലീം, സി.പി.ഐ നേതാവ് കെ.കെ. അഷറഫ് എന്നിവരുമായിട്ടായിരുന്നു ചർച്ച.