തോപ്പുംപടി: അവസാനം ഗിൽനെറ്റ് ബോട്ടുകൾക്ക് കൊച്ചി ഹാർബറിൽ കയറാൻ അനുമതി. 98 ഗിൽനെറ്റ് ബോട്ടുകൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനം നടത്തി പിടിക്കുന്നതും വിദേശത്തേക്ക് കയറ്റി അയക്കുന്നതുമായ വലിയ മീനുകൾ കൊച്ചിയിൽ എത്തിക്കുന്നത് ഗിൽ നെറ്റ് ബോട്ടുകളാണ്. കഴിഞ്ഞ 8 മാസമായി ഈ ബോട്ടുകൾ കൊച്ചി ഹാർബറിൽ അടുക്കാറില്ലായിരുന്നു. ഈ അടുത്ത കാലത്ത് മീനുമായി എത്തിയപ്പോൾ മറ്റു ബോട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് തർക്കവും പ്രശ്നങ്ങളും ഉടലെടുത്തു. തുടർന്ന് അസോസിയേഷൻ ഉടമകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയായിരുന്നു.
ഈ ബോട്ടുകൾ വരാതായതോടെ കയറ്റുമതി മേഖല പ്രതിസന്ധിയിലായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന ബോട്ടുകൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ചതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് ഗിൽനെറ്റ് ബോട്ടുകൾ മത്സ്യബന്ധനം തുടരുകയായിരുന്നു. ഹാർബറിലെ വലിയ വിഭാഗം തൊഴിലാളികളും ഗിൽനെറ്റ് eബാട്ടുകൾ കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. രണ്ടാഴ്ച മുമ്പ് ഗിൽ നെറ്റ് ബോട്ടുകൾ കൊച്ചിയിൽ എത്തിയെങ്കിലും പഴ്സീൻ നെറ്റ് തൊഴിലാളികൾ തടയുകയായിരുന്നു. ഫിഷറീസ് വകുപ്പ് ബോട്ട് ഉടമകളിൽ നിന്ന് പിഴയും ഈടാക്കി.