aluva

ആലുവ: ബ്രിഡ്ജ് റോഡിൽ ബാങ്ക് കവല മുതൽ ബൈപ്പാസ് വരെയുള്ള ഭാഗത്ത് പൊതുമരാമത്ത് സ്ഥലം കൈയേറിയത് കണ്ടെത്താൻ നടത്തിയ സർവേ പൂർത്തിയായി ഒരു വർഷമായിട്ടും തുടർ നടപടി സ്വീകരിക്കാതെ അധികൃതർ. ഇതോടെ കൈയ്യേറ്റം തിരിച്ചറിയുന്നതിനായുള്ള മാർക്കുകളും അപ്രത്യക്ഷമായി.

കൈയ്യേറ്റക്കാരുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ആലുവ നഗരസഭ അവഗണിച്ചെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. കഴിഞ്ഞ വർഷം ജൂലായ് ഒമ്പതിനും ആഗസ്റ്റ് 27 നുമാണ് രണ്ട് ഘട്ടങ്ങളിലായി സർവ്വെ പൂർത്തിയാക്കിയത്. ആദ്യഘട്ടത്തിൽ റോയൽ പ്ലാസ മുതൽ നജാത്ത് ആശുപത്രി കവാടം വരെയുള്ള പ്രദേശം അളന്നപ്പോൾ 21 സെന്റും
രണ്ടാം ഘട്ടത്തിൽ നജാത്ത് ആശുപത്രി കോമ്പൗണ്ട് അതിർത്തി മുതൽ മാർക്കറ്റ് റോഡിലെ സൗന്ദര്യ സിൽക്‌സ് പരിസരം വരെ നടത്തിയ സർവേയിൽ 20 സെന്റുമാണ് കൈയ്യേറിയതായി കണ്ടെത്തിയത്. കെട്ടിടങ്ങളിലെ കച്ചവടക്കാർക്ക് പൊതുമരാമത്ത് വിഭാഗം നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും വാടകക്കാരാണെന്ന് പറഞ്ഞ് കൈപ്പറ്റിയില്ല. ഇതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി മാസം നഗരസഭയോട് വിവരങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയതെന്ന് എക്‌സി. എൻജിനീയർ ബഷീർ പറഞ്ഞു.

പി.ഡബ്ളിയു.ഡിയുടെ കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു.

ബാങ്ക് ജംഗ്ഷനും ബൈപാസ് ജംഗ്ഷനുമിടയിലുള്ള ബ്രിഡ്ജ് റോഡിലെ കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് 13 വർഷത്തെ പഴക്കമുണ്ട്.

വി.എസ്. അച്യുതാനന്ദൻ സർക്കാറിൻെറ ഭരണ സമയത്ത് മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന് ചുവട് പിടിച്ചാണ് ഇവിടെയും കൈയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമം നടന്നത്. അന്ന് മൂന്ന് നില കെട്ടിടത്തിന്റെ മുൻഭാഗം ഉടമകൾ തന്നെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുറിച്ച് നീക്കിയിരുന്നു. കാലക്രമേണ ഏറ്റെടുത്ത ഭാഗം കച്ചവടക്കാർ വീണ്ടും കൈയ്യടക്കുന്ന അവസ്ഥയിലായി. സി.പി.ഐ നേതാവായിരുന്ന കെ.ജെ.ഡൊമിനിക്ക് നൽകിയ പരാതിയിൽ 2017 ൽ വീണ്ടും സർവ്വെ നടന്നെങ്കിലും നടപടികൾ ഉണ്ടായില്ല. 2018 ലെ വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടമായെന്ന പേരിൽ പിന്നെയും തടസ്സം ഉയർന്നു.