മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മൂന്ന് പി.എച്ച്.സികൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. നിയോജക മണ്ഡലത്തിലെ കല്ലൂർക്കാട്, ആയവന, മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു.ജില്ലയിൽ 23 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് പുതിയതായി എഫ്.എച്ച്.സികളാക്കുന്നത്.ആർദ്രം മിഷന്റെ ഭാഗമായി കേരളത്തിൽ 673 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.ഒ പി സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാകും. പുതിയ ലാബുകൾ, പ്രീ ചെക്ക് കൗൺസലിങ്ങ് ,എൻ സി ഡി ക്ലിനിക്കുകൾ, യോഗ, വെൽനെസ് സെന്റർ തുടങ്ങിയ സേവനവും ലഭിക്കും.ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ തുടങ്ങിയ തസ്തികകളിലെ കുറവുകൾ പരിഹരിക്കാനുമാകും. കടവൂർ, പോത്താനിക്കാട്,ആവോലി, പാലക്കുഴ, പായിപ്ര, മഞ്ഞള്ളൂർ എന്നീ പി.എച്ച്.സി കളെ സർക്കാർ ഇതിനകം കുടുംബാരോഗ്യ കേന്ദ്രമാക്കി പ്രഖ്യാപിച്ചിരുന്നു.കടവൂർ, പായിപ്ര ആശുപത്രികൾ പ്രവർത്തനമാരംഭിച്ചു. പോത്താനിക്കാട്, പാലക്കുഴ, മഞ്ഞള്ളൂർ നിർമ്മാണം പുരോഗമിക്കുകയാണ്.ഇതോടെ മുവാറ്റുപുഴയിൽ 9 പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. നഗരസഭ പരിധിയിൽ ജനറൽ ആശുപത്രിയും, ആരക്കുഴ പഞ്ചായത്തിൽ പണ്ടപ്പിളളി സി.എച്ച്.സിയുമാണുള്ളത്.ഇന്ത്യയിലെ മികച്ച രണ്ടാമത്തെ സി.എച്ച്.സിയാണ് പണ്ടപ്പിളളി. ഇവിടെ 1 കോടി രൂപയും, മഞ്ഞള്ളൂരിൽ 110 ലക്ഷം രൂപയും, മാറാടിയിൽ 40 ലക്ഷം രൂപയും, പാലക്കുഴയിൽ 25 രൂപയും അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. ഉയർത്തുന്ന പി.ച്ച്.സി കൾക്കെല്ലാം എൻ .എച്ച്.എം വഴി 15 ലക്ഷം രൂപ വീതവും അനുവദിക്കപ്പെടും. മൂവാറ്റുപുഴയിലെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദ കേന്ദ്രമാകും. സുശക്തമായ ആരോഗ്യമേഖലയായി മൂവാറ്റുപുഴ നിയോജക മണ്ഡലം ഇക്കാലയളവിൽ മാറ്റപ്പെട്ടുവെന്ന് എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു.