കോതമംഗലം: പൂയംകുട്ടിപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ മാമലക്കണ്ടം ചാമപ്പാറ നിരപ്പേൽ റെജിയുടെ ( 50 ) മൃതദേഹം മൂന്നാംദിവസം കണ്ടെത്തി. പൂയംകുട്ടിപ്പുഴയുടെ മുകൾഭാഗത്ത് പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത് സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴാണ് റെജി അപകടത്തിൽപ്പെട്ടത്. പൂയംകുട്ടി ഉൾവനത്തിൽ വരുന്ന പ്രദേശമാണിത്. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടമ്പുഴ റേഞ്ചിലെ വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോതമംഗലം ഫയർഫോഴ്സിലെ സ്കൂബാടീം നടത്തിയ തെരച്ചിലിൽ കാണാതായ സ്ഥലത്തിനു സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്കൂബ ടീം അംഗങ്ങളായ അനിൽകുമാർ, സിദ്ധിഖ് ഇസ്മായിൽ, പി.എം. റഷീദ്, കെ.എൻ. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കൾ: അപ്പു, അർജുൻ.