പറവൂർ: വിദ്യാരൂപിണിയായ സരസ്വതീദേവിയെ വണങ്ങി ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ അറുന്നൂറോളം കുട്ടികൾ ഹരിശ്രീ കുറിച്ചു. പുലർച്ചെ ദേവിയുടെ പള്ളിയുണർത്തൽ ചടങ്ങുകൾക്കു ശേഷം നടതുറന്നു. അഷ്ടാഭിഷേകം, സരസ്വതിപൂജ, ശീവേലി, പന്തീരടി പൂജയ്ക്കുശേഷം പൂജയെടുത്തു. ശ്രീകോവിലിൽ നിന്ന് സരസ്വതി ചൈതന്യം വിദ്യാരംഭ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചശേഷം വിദ്യാരംഭം ആരംഭിച്ചു. മേൽശാന്തി വി.വി.രംഗയ്യയുടെയും കീഴ്ശാന്തി എം.പി.സനീഷിന്റെയും കാർമ്മികത്വത്തിൽ വിദ്യാരംഭം. ഗുരുനാഥന്റെ നിർദേശാനുസരണം രക്ഷിതാക്കളാണ് ഇത്തവണ കുട്ടികളെ എഴുത്തിനിരുത്തിയത്. പറവൂർ ജ്യോതിസ്, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, എം.കെ. രാമചന്ദ്രൻ, ഡോ.കെ. ബീന, ഡോ.വി. രമാദേവി, എസ്. വിനോദ്കുമാർ, ഉണ്ണിക്കൃഷ്ണൻ മാടമന എന്നിവർ ഗുരുക്കന്മാരായി. ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കളഭാഭിഷേകത്തിനും ഉച്ചപ്പൂജയ്ക്കും ശേഷം നടയടച്ചു. രാത്രി അത്താഴപൂജ കഴിഞ്ഞ് ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യം നടന്നു. ദർശനത്തിന് കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.