life-mission

കൊച്ചി : ലൈഫ് പദ്ധതി കരാർ അനുവദിച്ചതിനു പ്രത്യുപകാരമായി യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മേധാവി ഖാലിദിന് കമ്മിഷൻ നൽകാൻ കരിഞ്ചന്തയിൽ നിന്ന് യു.എസ് ഡോളർ സംഘടിപ്പിച്ചെന്ന് യൂണിടാക് എം.ഡി സന്തോഷ് ഇൗപ്പൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകി.

വടക്കാഞ്ചേരിയിൽ 140 ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകാനാണ് കോൺസുലേറ്റുമായി ധാരണാപത്രം ഒപ്പുവച്ചത്. 20 ശതമാനം കമ്മിഷൻ യു.എസ് ഡോളറായി ഖാലിദ് ആവശ്യപ്പെട്ടു. നാലു ലക്ഷം യു.എസ് ഡോളർ സംഘടിപ്പിച്ചു നൽകി. ഒരു ലക്ഷം ഡോളർ ആക്സിസ് ബാങ്കിന്റെ കരമന ബ്രാഞ്ചിലെ ശേഷാദ്രിയും മൂന്നു ലക്ഷം കൊച്ചി വൈറ്റില ബ്രാഞ്ചിലെ ഇർഷാദുമാണ് കരിഞ്ചന്തയിൽ സംഘടിപ്പിച്ചത്. കമ്മിഷൻ തുക മുഴുവൻ ഡോളറാക്കി നൽകാൻ കഴിഞ്ഞില്ല. ഒരു കോടി രൂപ ഇന്ത്യൻ കറൻസിയായി ഇതോടൊപ്പം കൈമാറിയെന്നും മൊഴിയിൽ പറയുന്നു.

 പണം നൽകിയത് നേരിട്ട്

സ്വപ്ന നിർദ്ദേശിച്ച പ്രകാരം കവടിയാറിൽ കഫേ കോഫി ഡേയ്ക്ക് സമീപം കാത്തുനിന്ന ഞങ്ങളെ തേടി ഒരു വെളുത്ത മാരുതി സ്വിഫ്ട് ഡിസയർ കാർ എത്തി. നീല നിറത്തിലുള്ള നമ്പർ പ്ളേറ്റിൽ ഒരു സ്റ്റാർ ഉണ്ടായിരുന്നു. സ്വപ്നയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ ഈ കാറിനെ പിന്തുടർന്നു. തുടർന്ന് പെട്രോൾ പമ്പിന് സമീപത്തെ പോക്കറ്റ് റോഡിലേക്ക് കയറി 50 മീറ്റർ കഴിഞ്ഞപ്പോൾ നിറുത്തി. ഇൗ സമയം ഞങ്ങളും കാർ നിറുത്തി. പണമടങ്ങിയ ബാഗ് വെളുത്ത കാറിന്റെ ബാക്ക് സീറ്റിൽ വച്ചു. ഖാലിദായിരുന്നു കാർ ഒാടിച്ചിരുന്നത്. അയാൾ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ.

 ശിവശങ്കറിനെ കണ്ടത് സെക്രട്ടേറിയറ്റിൽ

യു.എ.ഇ കോൺസുലേറ്റുമായി ധാരണാപത്രം ഒപ്പിട്ട് ഒരാഴ്ച കഴിഞ്ഞ് സ്വപ്ന ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സെക്രട്ടേറിയറ്റിലെ ഒാഫീസിൽ പോയി കണ്ടിരുന്നു. ഇൗ സമയം ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ ശിവശങ്കർ വിളിച്ചുവരുത്തി പരിചയപ്പെടുത്തി. ലൈഫ് മിഷൻ പ്രൊജക്ട് കോ ഒാർഡിനേറ്ററായ ഉദ്യോഗസ്ഥയെയും പരിചയപ്പെടുത്തി. തദ്ദേശ ഭരണ സ്ഥാപനവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇവരുടെ സഹായം തേടാമെന്ന് വ്യക്തമാക്കിയെന്നും മൊഴിയിൽ പറയുന്നു.