1
ദിവാകരൻ നായർ

തൃക്കാക്കര: കൊല്ലം സ്വദേശിയെ ദുരൂഹസാഹചര്യത്തിൽ കാക്കനാട് ഇൻഫോപാർക്കിന് സമീപം റോഡിൽ മരിച്ച നിലയിൽകണ്ടെത്തിയ കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. കൊല്ലം ഓയൂർ രേവതി വീട്ടിൽ ദിവാകരൻ നായരുടെ (64 ) മൃതദേഹമാണ് ഞായറാഴ്ച പുലർച്ചെ കണ്ടെത്തിയത്. അടുത്ത ബന്ധുവുമായി വസ്തുസംബന്ധമായ ഇടപാടിനെച്ചൊല്ലിയുളള തർക്കത്തെക്കുറിച്ചും പാെലീസ് അന്വേഷിക്കുന്നുണ്ട്.

തൃക്കാക്കരയിലെ പൂട്ടിക്കിടക്കുന്ന സഹോദരന്റെ വീട് വൃത്തിയാക്കുന്നതിനായി ശനിയാഴ്ചയാണ് കൊല്ലത്ത് നിന്ന് വന്നത്. തകരാറിലായ കാർ കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച് ഓട്ടോയിൽ കയറിപ്പോയശേഷം പിന്നെ മൃതദേഹമാണ് കണ്ടെത്തിയത്.

പലയിടത്തും ഓട്ടോയിൽ സഞ്ചരിച്ചശേഷം ആൾപ്പാർപ്പില്ലാത്ത ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം കൊണ്ടുവിട്ടതായാണ് ഡ്രൈവറുടെ മൊഴി. ഓട്ടോ ഡ്രൈവറുമായി അന്വേഷണസംഘം ദിവാകരൻ നായർ സഞ്ചരിച്ച വഴികളിൽ തെളിവെടുപ്പ് നടത്തി. അപകടം നടന്നതിന്റെ ഒരു സൂചനയും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. മൃതദേഹം ഇവിടെ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തൃക്കാക്കര എ.സി.പി ജിജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.