കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എ നേതൃത്വം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി 'ബിയോണ്ട് ദി ബെല്ലി'ന് വിദ്യാരംഭദിനത്തിൽ തുടക്കമായി. മണ്ഡലത്തിലെ അങ്കണവാടികളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള പുത്തൻ പഠനരീതിയുടെ ഉദ്ഘാടനം നടൻ കുഞ്ചാക്കോ ബോബൻ ഓൺലൈനിൽ നിർവഹിച്ചു. ആധുനിക പ്ലേ സ്‌കൂളുകളിലും കിൻഡർ ഗാർട്ടനുകളിലും ലഭ്യമാകുന്ന പഠനരീതികളും, പാഠ്യക്രമവും അങ്കണവാടികളിലെ കുട്ടികൾക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. കൊവിഡ് പശ്ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറുമ്പോൾ ഈ കുഞ്ഞുങ്ങളെയും ആ സാദ്ധ്യതയുടെ ഭാഗമാക്കുകയാണ്. ഇതോടൊപ്പം പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനുള്ള നടപടികൾക്കും തുടക്കമിടുകയാണ്. ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ വി.എസ്. ഇന്ദു, ഡോ. നിർമല പത്മനാഭൻ, ഡോ. സി. രാജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കിഡ്‌സ് വേൾഡിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.