
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിച്ചു തുടങ്ങിയതിന് പിന്നാലെ സുരക്ഷാനിബന്ധനകൾ റെയിൽവെ കർക്കശമാക്കി.
ഉത്സവകാലം പ്രമാണിച്ച് 392 സ്‌പെഷ്യൽ ട്രെയിനുകളും രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസായ തേജസ് എക്‌സ്‌പ്രസിന്റെ മൂന്ന് ജോഡിയിൽ രണ്ടെണ്ണവും സർവീസ് ആരംഭിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ് ) യാത്രാനിയന്ത്രണവും കർശനമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ റെയിൽവെ ആക്ട് അനുസരിച്ച് കേസ് എടുക്കാനാണ് തീരുമാനം. ഒരു വർഷംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
കുറ്റകൃത്യങ്ങൾ
• മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായി ധരിക്കാതിരിക്കുകയോ ചെയ്യുക
• സാമൂഹ്യ അകലം പാലിക്കാതിരിക്കുക
• കൊവിഡ് പോസിറ്റീവായവരും പരിശോധനാ ഫലം കാത്തിരിക്കുന്നവരും സ്റ്റേഷനിൽ വരികയോ ട്രെയിനിൽ കയറുകയോ ചെയ്യുക
• റെയിൽവെ ആരോഗ്യ വകുപ്പ് യാത്ര നിഷേധിച്ചതിന് ശേഷം ട്രെയിനിൽ കയറുക.
• റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരസ്യമായി തുപ്പുകയോ മൂക്ക് ചീറ്റുകയോ ചെയ്യുക.
• പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുക
കർക്കശനടപടി വരും
കൊവിഡ് പകരാൻ ഇടയാക്കുന്ന വിധത്തിൽ യാതൊരു പ്രവൃത്തിയും ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയും കർശനമായി നടപ്പാക്കുമെന്ന് റെയിൽവെ സംരക്ഷണസേനാ വൃത്തങ്ങൾ പറഞ്ഞു.