sivasankar

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി) കസ്റ്റംസും രജിസ്റ്റർചെയ്ത കേസുകളിൽ മുൻകൂർജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്നു വിധിപറയും. ഇരു ഹർജികളും വാദം പൂർത്തിയായതിനെ തുടർന്ന് ഇന്നു വിധി പറയാനാണ് സിംഗിൾബെഞ്ച് മാറ്റിയിരുന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ഇന്നുവരെയാണ് തടഞ്ഞിട്ടുള്ളത്.സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറാണെന്ന ആരോപണമാണ് കഴിഞ്ഞദിവസം വാദത്തിനിടെ ഇ.ഡിക്കുവേണ്ടി ഹാജായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഉന്നയിച്ചത്. സ്വർണക്കടത്തിൽ സ്വപ്ന വെറും മറയാണെന്നും ഇവരെ മുന്നിൽനിറുത്തി ശിവശങ്കറാണോ ഇടപാടുകൾ നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷിക്കുകയാണെന്നും അഡി. സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഒാഫീസിൽ പ്രധാനപദവി വഹിച്ചിരുന്ന ശിവശങ്കറിനാണോ സ്വർണക്കടത്തിന്റെ ലാഭം ലഭിച്ചിരുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാൻ പോരുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകൾ പിന്നീട് ഇ.ഡി മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധകേസുകളിലും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്നും കസ്റ്റംസിനുവേണ്ടി ഹാജരായ സീനിയർ കോൺസൽ വിശദീകരിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ ശരിയല്ലെന്നും കെട്ടുകഥ സൃഷ്ടിച്ച് തന്നെ കുടുക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ശിവശങ്കർ വാദിച്ചു. വിവിധ അന്വേഷണ ഏജൻസികൾ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന് താൻ തൊട്ടുകൂടാത്തവനായെന്നും തന്റെ ഒൗദ്യോഗിക - കുടുംബ ജീവിതങ്ങൾ തകർന്നെന്നും ശിവശങ്കർ പറഞ്ഞിരുന്നു.