കൊച്ചി: ഒരുമാസമായി നിറുത്തിവച്ചിരുന്ന എറണാകുളം - ഫോർട്ടുകൊച്ചി ബോട്ട് സർവീസ് പുനരാരംഭിച്ചു. സർവീസ് നിലച്ചതോടെ സാധാരണക്കാർ അനുഭവിക്കുന്ന യാത്രാദുരിതത്തെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ടെയ്ൻമെന്റ് സോണാണെന്ന കാരണം പറഞ്ഞാണ് ഫോർട്ടുകൊച്ചി സർവീസ് നിറുത്തിവച്ചത്. ഇതോടെ ബോട്ടിനെ ആശ്രയിച്ച് ജോലിക്ക് പോയിരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഫ്ളാറ്റുകളിൽ പണിയെടുക്കുന്ന സ്ത്രീകൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരെല്ലാം ബുദ്ധിമുട്ടിലായി.

സ്ഥിരം യാത്രക്കാർ ഫോർട്ടുകൊച്ചിയിൽ നിന്ന് റോ - റോയിൽ വൈപ്പിനിലെത്തി അവിടെനിന്ന് എറണാകുളത്തേക്കുള്ള ബോട്ട് പിടിച്ചു. മടക്കയാത്രയും ഇതേ രീതിയിലാക്കി. എറണാകുളം - ഫോർട്ടുകൊച്ചി യാത്രക്ക് 20 മിനിറ്റ് മതി. അതേസമയം ചുറ്റിക്കറങ്ങിയുള്ള യാത്രയ്ക്ക് ഒരു മണിക്കൂർ വേണമെന്നതും യാത്രക്കാരെ പ്രയാസത്തിലാക്കി.

# പകൽ സമയത്ത് ആളില്ല

രാവിലെയും വൈകിട്ടും യാത്രക്കാരുടെ തിരക്ക് ഏറെയുള്ള സമയത്ത് 20 മിനിറ്റ് ഇടവിട്ടാണ് ഇപ്പോൾ സർവീസ്. ഇടനേരങ്ങളിൽ ആറും ഏഴും യാത്രക്കാരാണ് ഉണ്ടാകുക. ഞായറാഴ്ചത്തെ കാര്യമാണ് ഏറെ കഷ്ടം. മുമ്പ് അവധിദിവസങ്ങളിൽ ഏതു രത്തും നിറയെ യാത്രക്കാരുമായാണ് ബോട്ടുകൾ ഓടിയിരുന്നത്. ജെട്ടിയുടെ പരിസരത്തുള്ള കച്ചവടക്കാർക്കും അന്ന് കൊയ്ത്തായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളെല്ലാം ഇപ്പോൾ ആളൊഴിഞ്ഞ വീടുപോലെ മൂകമാണ്.

# താത്കാലിക ജീവനക്കാർ പട്ടിണിയിൽ

സർവീസുകൾ വെട്ടിക്കുറച്ചതോടെ ജലഗതാഗതവകുപ്പ് കരാർ ജീവനക്കാരെ ഒഴിവാക്കിയത് നിരവധി കുടുംബങ്ങൾക്ക് ഇരുട്ടടിയായി. വർഷങ്ങളായി ഇവിടെ പണിയെടുത്തിരുന്ന അമ്പതോളം കരാർ തൊഴിലാളികൾ തൊഴിൽരഹിതരായി. ലസ്കർ, ഡ്രൈവർ, സ്രാങ്ക്, ബോട്ട് മാസ്റ്റർ തുടങ്ങി വിവിധതസ്തികകളിൽ ജോലിചെയ്തിരുന്ന ലൈസൻസുള്ള തൊഴിലാളികളാണ് ഇവരെല്ലാം. കൊവിഡ് കാലത്തിന് മുമ്പ് ഒരു ദിവസം കുറഞ്ഞത് 15 പേർ കരാർ അടിസ്ഥാനത്തിൽ പണിയെടുത്തിരുന്നു

പെൻഷൻതുക കൊണ്ടു മുന്നോട്ടുപോകാൻ കഴിയാത്തതിനാൽ ജോലിയിൽ നിന്ന് വിരമിച്ചശേഷം കരാറുകാരായി തുടർന്നവരുണ്ട്. കൊവിഡ് ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഹൗസ് ‌ബോട്ടുകൾക്ക് ഓട്ടമില്ലാത്തതിൽ അവിടെയും രക്ഷയില്ല. ലോക്ക് ഡൗണിന് തൊട്ടുമുമ്പു വരെ ജലഗതാഗതവകുപ്പിൽ കരാറുകാരായി ജോലിചെയ്തിരുന്നവർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച അയ്യായിരം രൂപയാണ് ഇവർക്ക് ആകെക്കിട്ടിയ സഹായം.