
കിഴക്കമ്പലം: ഉള്ളി വിലയെ പിടിച്ചു കെട്ടാൻ കിഴക്കമ്പലത്ത് സഹകരണ സൂപ്പർ മാർക്കറ്റ് വരുന്നു. 20 രൂപയ്ക്ക് സവാള വിറ്റഴിക്കാനാണ് പദ്ധതി. വിപണിയിൽ 75 രൂപയാണ് വില.
മഹാരാഷ്ട്ര, കർണാടക മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെടുത്ത് ഇടനിലക്കാരില്ലാതെയാണ് കച്ചവടം. സംഭരണം നടക്കുകയാണിപ്പോൾ.
ഹോർട്ടി കോർപ്പു പോലും 45 രൂപയ്ക്കാണ് സവാള വില്പന.
ഇതോടൊപ്പം രണ്ടു രൂപയ്ക്ക് മുട്ട, പത്ത് രൂപയ്ക്ക് പാൽ, 190 രൂപയ്ക്ക് അരി തുടങ്ങി നിത്യോപയോഗ സാധനങ്ങൾ പകുതി വിലയ്ക്ക് നല്കാനാണ് തീരുമാനമെന്ന് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ബാബു സെയ്താലി പറഞ്ഞു.
ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയും കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. പഞ്ചായത്ത് പരിധിയിൽ നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം വിലക്കുറവിൽ നൽകും.സഹകരണ ബാങ്കിന്റെ കിഴക്കമ്പലത്തുള്ള നീതി സൂപ്പർമാർക്കറ്റ് വഴി അടുത്ത മാസം ആദ്യം മുതൽ 13 ഇന സാധനങ്ങൾ വിതരണം തുടങ്ങും.
രണ്ടാം ഘട്ടത്തിൽ പച്ചക്കറി, പഴം, മത്സ്യമാംസാദികളും വില്പനയ്ക്കെത്തിക്കും.
വിപണിവില സൊസൈറ്റിവില
അരി 395 198
വെളിച്ചെണ്ണ 220 95
പഞ്ചസാര 40 20
മുളക്, മല്ലി, മഞ്ഞൾ പൊടികൾ പയർ, പരിപ്പ് വർഗങ്ങൾക്ക് വിപണി വിലയിൽ 50 ശതമാനം സബ്സിഡി നല്കും.രണ്ടാം ഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനവുമൊരുക്കും.
19 വാർഡുകളിൽ പെട്ട ചാരിറ്റബിൾ സൊസൈറ്റിയിൽ അംഗങ്ങളായവർക്കാണ് ആനൂകൂല്യം. അംഗത്വം സൗജന്യമാണ്. 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്. റേഷൻ കാർഡുമായെത്തി അംഗങ്ങൾക്ക് സാധനങ്ങൾ വാങ്ങാം. 2500 പേർ രജിസ്റ്റർ ചെയ്‌തതായി ജനറൽ സെക്രട്ടറി സജി പോൾ പറഞ്ഞു.