mla

അങ്കമാലി: പ്രതിഷേധങ്ങളും സമരങ്ങളും ഫലം കണ്ടു. താബോർ റൂറൽ വാട്ടർ സ്‌കീം നവീകരിക്കാൻ ഒരുങ്ങുന്നു. 2.46 കോടിയുടേതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. സർക്കാർ അംഗീകാരവും ലഭിച്ചുകഴിഞ്ഞു.

പുതിയ ജലസംഭരണി
കാലപ്പഴക്കം മൂലം ശോച്യാവസ്ഥയിലായ ജലസംഭരണിക്ക് പകരം പുതിയത് നിർമ്മിക്കും. രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയാണ് നിർമ്മിക്കുന്നത്. നിലവിലെ സംഭരണിയുടെ ശേഷി 69000 ലിറ്ററാണ്. കരേടത്ത് കെ.എം. വർഗീസ് നൽകിയ സ്ഥലത്താണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പ് ഹൗസിൽ നിന്ന് ടാങ്കിലേക്കുള്ള പമ്പിംഗ് ലൈനും, കാലഹരണപ്പെട്ട പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിന്റെ പഴക്കം
1985ലാണ് താബോർ റൂറൽ വാട്ടർ സപ്ലൈ സ്‌കീം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കാര്യമായ നവീകരണങ്ങളൊന്നും നടന്നില്ല. റോജി എം. ജോൺ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച10.10 ലക്ഷം രൂപ ഉപയോഗിച്ച് പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയോജകമണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ താബോർ മേട്ടിലും പരിസരത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് താബോർ റൂറൽ വാട്ടർ സപ്ലൈ സ്‌കീം. പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പദ്ധതിയാണ് ഇപ്പേൾ അനുവദിച്ചിട്ടുള്ളത്.

സ്ഥലം സന്ദർശിച്ചു
റോജി എം. ജോൺ എം.എൽ.എയുടെ നേത്യത്വത്തിൽ ജനപ്രതിനിധികളും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദർശിച്ച് ഗുണഭോക്താക്കളുമായി ചർച്ച നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, തിരുകുടുംബം പള്ളി വികാരി ഫാ.ടോണി കോട്ടയ്ക്കൽ, കേരള വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ. ജോളി, ടെക്‌നിക്കൽ കൺസൾട്ടൻറ് ഗോവിന്ദകുമാർ , പഞ്ചായത്തംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ്, വി.സി കുമാരൻ, സ്വപ്ന ജോയി, ഗുണഭോക്ത്യ സംഘടനാ ഭാരവാഹികളായ ജേക്കബ്ബ് കരേടത്ത്, കെ.സി. അന്തോണീസ്, കെ.എം. വർഗീസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.