
പള്ളുരുത്തിക്കാരുടെ സ്വന്തം ശ്രീധർ ബസിന്റെ ഡ്രൈവറുടെ നാലുപതിറ്റാണ്ട് സേവനത്തിന്റെ കഥ
പള്ളുരുത്തി: രാത്രി പത്തര മണിക്ക് മുമ്പ് തോപ്പുംപടിയിൽ എത്തിയാൽ പശ്ചിമകൊച്ചിക്കാരുടെ ആശ്രയമാണ് ഷണ്മുഖൻ. ഇടക്കൊച്ചി - മട്ടാഞ്ചേരി റൂട്ടിലെ അവസാന സർവീസിനായി ഷണ്മുഖൻ വളയം പിടിക്കുന്ന ശ്രീധർ ബസ് നിശ്ചയമായും വന്നിരിക്കും.
കഴിഞ്ഞ 40 വർഷമായി ഇതാണ് പള്ളുരുത്തി - ഇടക്കൊച്ചി ഭാഗത്തുള്ളവരുടെ അനുഭവം.
മട്ടാഞ്ചേരി - ഇടക്കൊച്ചി റൂട്ടിലോടുന്ന ശ്രീധർ ബസ് പള്ളുരുത്തിക്കാരുടെ സ്വന്തം ബസാണ്. പുലർച്ചെ തുടങ്ങുന്ന ഓട്ടം രാത്രി 11 മണിയോടെ ഇടക്കൊച്ചിയിൽ അവസാനിക്കും.
40 വർഷം വളയം പിടിച്ചിട്ടും സ്വന്തമായൊരു വീട് ഷൺമുഖന് ഇനിയും സ്വപ്നം മാത്രം. പണ്ട് മട്ടാഞ്ചേരി പാണ്ടികശാലയിലെ തൊഴിലാളികൾക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്താൻ ആശ്രയിച്ചിരുന്നത് ഈ ശ്രീധർ ബസിനെയാണ്. പിന്നീട് ഇത് പള്ളുരുത്തിക്കാരുടെ സ്വന്തം ബസായി മാറി. കൊറോണ വന്നതോടെ ഷൺമുഖന്റെ ദിനചര്യകൾ തെറ്റി. രാത്രി റോഡിൽ ആരും ഇല്ലാതായി മാറി. ദിവസക്കൂലി കാൽ ഭാഗമായി കുറഞ്ഞു.
പല മേഖലയിലും കഴിവ് തെളിയിക്കുന്നവരെയും സേവനം ചെയ്യുന്നവരെയും സമൂഹം അംഗീകരിക്കാറുണ്ട്. എന്നാൽ അയ്യംവേലി വീട്ടിൽ ഷൺമുഖനെ തേടി ഒരംഗീകാരവും എത്തിയില്ല. ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥതയും കൃത്യനിഷ്ഠയും ഇന്നും ഇദ്ദേഹം കൈവെടിഞ്ഞിട്ടില്ല. പല ബസുകളിലും ഇന്ന് കാണുന്ന ഡ്രൈവർ ആയിരിക്കില്ല നാളെ കയറുന്നത്. ഷൺമുഖൻ പുലർച്ചെ കൃത്യസമയത്ത് ജോലിക്ക് എത്തിയിരിക്കും. ഭാര്യ തങ്കമണിക്കും മകൻ ഗോപകുമാറിനുമൊപ്പം ഇപ്പോൾ ഇടക്കൊച്ചിയിലെ വാടക വീട്ടിലാണ് താമസം. വൈ.സി.സി ട്രസ്റ്റ് ഷൺമുഖനെ പള്ളുരുത്തി വെളിയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നുണ്ട്. സപ്തതി നിറവിലും ഇനിയും ഒരങ്കത്തിന് ബാല്യവുമായി ഷൺമുഖൻ വളയം പിടിക്കാനുണ്ടാകും.