
ആലുവ: കൊവിഡ് ബാധതരുടെ മൃതദേഹം സംസ്കരിക്കുന്നതിൽ കീഴ്മാട് പൊതുശ്മശാനത്തിൽ അയിത്തം. കോടികൾ മുടക്കി നവീകരിച്ച ശ്മശാനത്തിലെ ഗ്യാസ് ഉപകരണം കേടാകുമെന്ന വാദം ഉയർത്തിയാണ് മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്ത് അനുമതി നൽകാത്തത്. ഇതോടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കാൻ മറ്റ് ശ്മശാനങ്ങൾ തേടേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം മരിച്ച എടയപ്പുറം കാവലഞ്ചേരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പുഷ്പയുടെ മൃതദേഹം കളമശേരിയിലാണ് സംസ്കരിച്ചത്. കളമശേരി ശ്മശാനത്തിന് സമാനമായ തീരിയിലാണ് കീഴ്മാട് ഗ്യാസ് ശ്മാശാനം പ്രവർത്തിക്കുന്നത്. എന്നിട്ടും സ്വന്തം പഞ്ചായത്തിൽ താമസിക്കുന്നവരുടെ സംസ്‌കാര ചടങ്ങ് അനുവദിക്കാത്തതാണ് വിവാദത്തിന് വഴിച്ചിരിക്കുന്നത്. പഞ്ചായത്ത് തീരുമാനത്തിന് എതിരെ നാട്ടുകാർക്കിടയിൽ അമർഷം പുകയുകയുന്നതിനിടെ ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്യു. ഇത് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരും.
കീഴ്മാട് മുള്ളൻകുഴിയിലാണ് സ്മൃതിതീരം എന്ന പേരിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൊതുശ്മശാനം. പൊതുശ്മശാനത്തിനെതിരെ നാട്ടുകാരിൽ ചിലർ നൽകിയ പരാതിയെ തുടർന്ന് വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് പദ്ധതി യാഥാർത്ഥ്യമായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 309 സംസ്കാര ചടങ്ങുകൾ നടത്തി. ആദ്യനാളുകളിൽ കൊവിഡ് ബാധിച്ച് മരിച്ച ഇതര പഞ്ചായത്തുകളിലുള്ളവരുടെ മൃതദേഹങ്ങൾ വരെ കീഴ്മാട് ശ്മശാനത്തിലാണ് സംസ്കരിച്ചിരുന്നത്. കൊവിഡ് മാനദണ്ഡപ്രകാരം പത്തടിയോളം ആഴത്തിൽ കുഴിയെടുത്തായിരുന്നു സംസ്കാരം. മൃതദേഹം ദഹിപ്പിക്കാമെന്ന് മാനദണ്ഡം പരിഷ്കരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന സൗകര്യം പോലും നഷ്ടമായി. മൃതദേഹം പൊതിഞ്ഞുവരുന്ന പ്ളാസ്റ്റിക്ക് ഉരുകി ഗ്യാസ് പുറത്തേക്ക് വരുന്നത് തടസപ്പെടുത്തുമെന്നാണ് വിശദീകരണം.
അനുകൂല തീരുമാനമുണ്ടാകും:പ്രസിഡന്റ്
കീഴ്മാട് പൊതുശ്മശാനത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള അനുമതി ഇന്നത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കുമെന്ന് പ്രസിഡന്റ് കെ.എ. രമേശ് പറഞ്ഞു. ഗ്യാസ് ചേമ്പറിലാണ് ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത്. കൊവിഡ് ബോധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സാങ്കേതിക വിവരം തേടിയിട്ടുണ്ട്.
നിൽപ്പ് സമരവുമായി എൻ.ഡി.എ
കീഴ്മാട് പൊതുശ്മശാനത്തിൽ കൊവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം നിയോജക മണ്ഡലം ചെയർമാൻ എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ വിജയൻ മുളംകുഴി അദ്ധ്യക്ഷതവഹിച്ചു. ബി.ഡി.ജെ.എസ് നിയോജകമണ്ഡലം സെക്രട്ടറി എം.പി. നാരായണൻകുട്ടി. പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് മഹിളാലയം, ബി.ജെ.പി നേതാക്കളായ കെ.ആർ. റെജി, എ.എസ്. സലിമോൻ, രാജീവ് മുതിരക്കാട്, ശ്രീവിദ്യാ ബൈജു, വിനുപ് ചന്ദ്രൻ, ലിജേഷ് വിജയൻ, എ.ആർ. ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.