bamboo

പെരുമ്പാവൂർ: ഉദ്ഘാടനം ചെയ്തിട്ട് മൂന്ന് മാസം. ചേരാനല്ലൂരിലെ ബാംബൂ കോർപ്പറേഷൻ നെയ്ത്ത് കേന്ദ്രം പ്രതിസന്ധിയുടെ പടുകുഴിയിൽ. ഈറ്റ ലഭിക്കാത്തതാണ് നെയ്ത്തു കേന്ദ്രത്തിന് തിരിച്ചടിയായത്. ഇതോടെ കേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്നവരും ദുരിതത്തിലായി. ജൂലായിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനാണ് നവീകരിച്ച കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വൈവിധ്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി 27 ലക്ഷം രൂപ ചെലഴിച്ചായിരുന്നു നവീകരണം.

സ്‌റ്റോക്കുണ്ടെങ്കിലും
ഈറ്റ എത്തില്ല

കോർപ്പറേഷന്റെ അങ്കമാലി കേന്ദ്രത്തിൽ ഈറ്റ സ്റ്റോക്കുണ്ട്. എന്നാൽ ഡിപ്പോ ഓഫീസർ 15 ദിവസം മുമ്പ് ഈറ്റ ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ചേരാനല്ലൂർ നെയ്ത്തു കേന്ദ്രത്തിലേക്ക് ഈറ്റ എത്തിയില്ല. തോട്ടുവ, ചേരാനല്ലൂർ, ഉരുപ്പൻകവല, ഇടവൂർ, കൂടാലപ്പാട് ഡിപ്പോകളിലും ഈറ്റ എത്തുന്നില്ല. നെയ്ത്തു കേന്ദ്രത്തിൽ 50 പേരാണ് പനമ്പ് നെയ്യുന്നത്. രണ്ടു മാസം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥൻ എത്തിയിരുന്നു. ഇവരും ഇപ്പോൾ വരുന്നില്ല. പെരുമ്പാവൂർ അങ്കമാലി നിയോജക മണ്ഡലങ്ങളിലെ ചേരാനല്ലൂർ, തോട്ടുവ, കൂടാലപ്പാട്, ഇടവൂർ, മങ്കുഴി, നീലീശ്വരം, കൊറ്റമം, നടുവട്ടം, കൈപ്പട്ടൂർ മേഖലകളിലായി ആയിരകണക്കിന് കുടുംബങ്ങൾ പനമ്പു നെയ്ത്താണ് ഉപജീവന മാർഗം കണ്ടെത്തുന്നത്.

പ്രശ്‌നം പരിഹരിക്കണം
സാധാരണക്കാരായ പനമ്പുനെയ്ത്തുകാർക്ക് കാട്ടിൽ കയറി ഈറ്റ വെട്ടുന്നതിനുള്ള അവകാശം നിക്ഷേധിക്കപെടുകയും ബാംബൂ കോർപ്പറേഷൻ പൂർണ അധികാരം ഏറ്റെടുക്കുകയും ചെയ്തതോടെ പരമ്പരാഗത പനമ്പു നെയ്ത്തു മേഖല തകർക്കപ്പെട്ടു. ഇപ്പോഴുള്ള നെയ്ത്തു കേന്ദ്രങ്ങളിലും, ഡിപ്പോകൾ വഴിയും ഈറ്റ വിതരണം ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് ചേരാനല്ലൂർ മേഖല കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ദേവച്ചൻ പടയാട്ടിൽ, സിജോ വർഗീസ്, ബേബി എസ്. ആറ്റുപുറം, ജിതിൻ ജോണി, നിതിൻ പോൾ, ബിബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.