കോലഞ്ചേരി: നവരാത്രിയും കഴിഞ്ഞു, കൊവിഡിൽ തുടങ്ങിയ പൂജാ സ്റ്റോറുകാരുടെ വിഘ്‌നം ഇനിയുമൊഴിയുന്നില്ല. കലികാലം തുടരുന്നു. നവരാത്രിക്കാലത്തും രക്ഷപ്പെടാനാവാത്ത അവസ്ഥയിൽ എന്നിനി കരകയറുമെന്നറിയാതെ ഉഴലുകയാണ് പൂജാ സ്റ്റോറുകാർ. ഈ സമയം മുൻനാളുകളിൽ നാട്ടിൻപുറങ്ങളിലെ പൂജാ സ്​റ്റോറുകളിൽ ഉത്സവാന്തരീക്ഷമായിരുന്നു. കൊവിഡായതോടെ വില്പ്ന നടക്കാതെ പൂജാസാമഗ്രികൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണിന്ന്. തുലാമാസം തുടങ്ങുന്നതോടെ ഇത്തരം കടകളിൽ തിരക്ക് തുടങ്ങും.ബാങ്ക് ലോണുകളും, ചിട്ടുകളുമൊക്കെ എടുത്താണ് കട നിലനിന്നു പോന്നത് വരുമാനം നിലച്ചതോടെ മുന്നോട്ടുള്ള ജീവിതം ത്രിശങ്കുവിലാണിവർക്ക്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നതിനാൽ കഴിഞ്ഞ സീസണിലും വില്പന വളരെ കുറവായിരുന്നതായി കച്ചവടക്കാർ പറയുന്നു. ശബരിമല തീർത്ഥാടകരിൽ പലരും നവരാത്രി കാലത്തോടെതന്നെ ശബരിമല വ്രതം ആരംഭിക്കും. ഇത്തവണ ഒരു തുളസിമാലപോലും വി​റ്റുപോയിട്ടില്ലെന്നും ഇക്കാലത്ത് ആയിരത്തിലധികം മാലകൾ വി​റ്റുപോവാറുണ്ടായിരുന്നതായും വ്യാപാരികൾ പറയുന്നു. വൃശ്ചിക മാസമെത്തുന്നതോടെ അയ്യപ്പൻമാരുടെ തിരക്കായിരുന്നു പ്രതീക്ഷ. ശബരിമലയിലും നിയന്ത്രണങ്ങൾ വന്നതോടെ വലിയ പ്രതീക്ഷകളും അസ്തമിച്ചു.

വഴിപാടുകൾ കുറഞ്ഞത് തിരിച്ചടിയായി

വിജയദശമി നാളുകളാവുന്നതോടെ തിരക്ക് തകൃതിയാകും. മഹാമാരിയുടെ കാലത്ത് ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് നിയന്ത്റണം വന്നതിനാൽ വഴിപാടുകൾ ഇല്ലാതായി. പലക്ഷേത്രങ്ങളിലും വരുമാനം നിലച്ചതോടെ നിത്യച്ചിലവിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. പൂജാരിമാക്ക് നല്കാൻ പോലും നയാപൈസ വരുമാനമില്ലാത്ത അവസ്ഥയിലുമാണ് പലരും.

നവരാത്രിയിലും കച്ചവടം നടത്തില്ല

അത്യാവശ്യ പൂജാസാധനങ്ങൾ മാത്രം വാങ്ങുന്ന നിലയിൽ ക്ഷേത്രങ്ങളും ചിലവുചുരുക്കി. നവരാത്രിക്കാലത്ത് നടക്കേണ്ടിയിരുന്ന പ്രധാന വഴിപാടുകളും മ​റ്റും ഇത്തവണ ക്ഷേത്രങ്ങളിൽ നടന്നില്ല. വാഹനപൂജ, ആയുധപൂജ, എഴുത്തിനിരുത്തൽ തുടങ്ങിയവ ചടങ്ങിലൊതുക്കി. വർക്ക്‌ഷോപ്പുകാരും കലാപഠനകേന്ദ്രങ്ങളും പൂജാ ആഘോഷങ്ങൾ നിർത്തിവെച്ചതും പൂജാ സാമഗ്രികളുടെ വില്പനയെ ബാധിച്ചു. ഭാവിയെ കുറിച്ചോർക്കുമ്പോൾ ഭീതിയിലാണ് വില്പനക്കാർ.