കുറുപ്പംപടി : കൊവിഡിനെ തുടർന്ന് ദുരിതത്തിലായ ബാർ ഹോട്ടൽ തൊഴിലാളിക്ക് ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള ബാർ ഹോട്ടൽ ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ നടത്തി.ബഹുഭൂരിഭാഗം തൊഴിലാളികളും ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഏതാനും തൊഴിലാളികൾക്ക് മാത്രമാണ് ലഭിച്ചത്. മാനദണ്ഡങ്ങളും പാലിച്ച് സംസ്ഥാനത്തെ എല്ലാ ബാറുകളും തുറന്ന് ജീവനക്കാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. സംസ്ഥാനതല ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്റഫ് പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.ആന്റണി , സംസ്ഥാന ട്രഷറർ സജി കലാക്ഷേത്രം എന്നിവർ സംസാരിച്ചു.