
കൊച്ചി: പൊളിഞ്ഞു വീഴാറായ കെട്ടിടം. വെള്ളക്കെട്ട് കടന്നുവേണം വിശ്രമമുറിയിലെത്താൻ. മുറിയിൽ വെള്ളം നിറയുന്നതിനാൽ മൺകെട്ടുകളുടെ സഹായത്തോടെ കട്ടിലുകൾ ഉയർത്തി വച്ചിരിക്കുകയാണ്. ചുമരുകളിൽ പായലുകൾ നിറഞ്ഞിട്ടുണ്ട്. മുറിയിലെ ജനലുകൾ തകർന്നു വീഴാറായ അവസ്ഥയാണ്.
കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോയിലെ ജീവനക്കാർ നയിക്കുന്നത് ആടുജീവിതമാണ്.
നിരവധി തവണ മനുഷ്യാവകാശ കമ്മിഷൻ നേരിട്ടെത്തി പരിഹാരം കാണാൻ ശ്രമിച്ചിട്ടും ഫലം കാണാനായിട്ടില്ല. എന്നാൽ ഇക്കുറി പരിഹാരം കാണാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മിഷൻ.
എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമമുറി നവീകരിച്ച് താമസയോഗ്യമാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ജീവനക്കാർക്ക് സുരക്ഷിതമായ വിശ്രമമുറി ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം മാനേജുമെന്റിനുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. ജീവനക്കാരുടെ ജോലിയുടെ സ്വഭാവവും സമയക്രമവും കണക്കിലെടുക്കുമ്പോൾ ഇപ്പോഴുള്ളതുപോലുള്ള വീഴ്ചകൾ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒരു മഹാമാരികാലത്ത് ഇത്രയും ശോചനീയമായ അവസ്ഥയിൽ ജീവനക്കാർ വിശ്രമിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതു തന്നെയാണ്. ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ എം.ഡി. സമർപ്പിച്ച റിപ്പോർട്ടിലുണ്ടെങ്കിലും അവ എപ്പോൾ നടപ്പിലാക്കുമെന്ന് പറയാനാവില്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ജീവനക്കാരുടെ വിശ്രമമുറിയുടെ ശോച്യാവസ്ഥക്കെതിരെ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
കെട്ടിടങ്ങൾ ജീർണ്ണിച്ച സ്ഥിതിയെന്ന്
കോർപ്പറേഷൻ
ഡിപ്പോയിലെ കെട്ടിടങ്ങളെല്ലാം കാലപ്പഴക്കത്താൽ ജീർണിച്ച അവസ്ഥ യിലാണെന്ന് കോർപ്പറേഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ളക്കെട്ട് പരിഹരിച്ച് ഉടൻ ഒരു ബസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാൻ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതിയ ബസ് ടെർമിനൽ നിർമ്മിക്കാൻ പദ്ധതിയുണ്ട്. കൊച്ചി നഗരസഭയും ജി ഐ ഇസഡ് ഇന്ത്യയുമായി ചേർന്ന് ഒരു പദ്ധതിയും നിലവിലുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ ചുമതലപ്പെടുത്തും. രൂക്ഷമായ സാഹചര്യം പരിഹരിക്കാൻ താത്ക്കാലിക മരാമത്ത് പണിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി. എം.ഡി അറിയിച്ചു.