jaleel

കൊച്ചി : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എം. മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ അക്രമങ്ങളെത്തുടർന്നുള്ള കേസിൽ പ്രതികളായ മന്ത്രിമാരടക്കമുള്ളവർ ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകുന്നതു തടയണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയ ആറു പ്രതികൾ ഇന്ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. വിചാരണ നടക്കുകയല്ലേ, തുടരട്ടേയെന്ന് വാക്കാൽ പറഞ്ഞ സിംഗിൾബെഞ്ച് ഇൗ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

നിയമസഭയിലെ കൈയാങ്കളി കേസ് റദ്ദാക്കാനുള്ള സർക്കാരിന്റെ അപ്പീൽ പരിഗണനയ്ക്കു വന്നപ്പോഴാണ് മന്ത്രിമാരടക്കമുള്ള പ്രതികളുടെ കാര്യത്തിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഇളവുതേടിയത്. ആവശ്യം നിരസിച്ച ഹൈക്കോടതി അപ്പീലിൽ ചില രേഖകൾകൂടി ഹാജരാക്കാൻ നിർദേശിച്ച് ഹർജി നവംബർ മൂന്നിലേക്ക് മാറ്റി.

2015 മാർച്ച് 13 നാണ് നിയമസഭയിൽ കൈയാങ്കളി അരങ്ങേറിയത്. അന്നത്തെ എം.എൽ.എമാരായിരുന്ന കെ. അജിത്, ഇ.പി. ജയരാജൻ, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ.ടി. ജലീൽ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. 2018ൽ കേസും വിചാരണ നടപടികളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഇതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതിയിലുള്ളത്. നിയമസഭയ്ക്കകത്തു നടന്ന സംഭവങ്ങളിൽ നിയമപരിരക്ഷയുണ്ടെന്നും ഇതു വിലയിരുത്താതെയാണ് വിചാരണക്കോടതി അപേക്ഷ നിരസിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.