manchadi
മഞ്ചാടി കൂടാരം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഡവലപ്പമെന്റ് ഇന്നവേഷൻ സ്ട്രാജിക് കൗൺസിൽ ( കെ-ഡിസ്ക്) തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന മഞ്ചാടി ടീച്ച് മാത് സ് ഫോ‌ർ കേരള പദ്ധതി എല്ലാ ഭൗതീക സൗകര്യങ്ങളും , പരിശീലനവും പൂർത്തിയാക്കി പായിപ്ര ഗ്രമാ പഞ്ചായത്തിൽ ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്നു. കുട്ടികളുടെ ഗണിത പഠനങ്ങളോടുള്ള ഭയമകറ്റി വിവിധ പഠനോപകരണങ്ങളുടെ സഹായത്തോടെ രസകരങ്ങളായ കളികളിലൂടെേയും നിത്യ ജീവിതത്തിലെ ഗണിത പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ഗണിതാശയങ്ങൾ രൂപികരിച്ചും പ്രയോഗിച്ചുമുള്ള ഗണിത പഠന സമീപന രീതിയാണ് ഇൗ പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ളത്. തങ്ങൾ ആർജിച്ച ഗണിത വസ്തുതകൾ വിവിധ ജീവിത സന്ദർഭങ്ങളിൽ പ്രയോഗിച്ച് ശാസ്ത്രീയമായി പ്രശ്ന ഗണിതം സാദ്ധ്യമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. എല്ലാ ജില്ലകളിലും ഒന്നു വീതം പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിന്റെഭാഗമായി എറണാകുളം ജില്ലയിൽ പായിപ്ര പ‌ഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന 60 പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഇലാഹിയ കോളേജ് ജംഗ്ഷനിലെ കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ദിവസവും വൈകുന്നേരമാണ് ക്ലാസ് നടക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച അനിമേറ്റർമാർ, മദർ ടീച്ചേഴ്സ്, വളന്റിയേഴ്സ്, പഞ്ചായത്തിലെ ജനപ്രതിനിധികൾ, കോ- ഓർഡിനേറ്റർമാർ, എന്നിവരുടെ സംഘമാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗവേഷണ ഏജൻസികളായ നവനിർമ്മിതിയും, ജോഡോഗ്യാനുമാണ് പദ്ധതിയുടെ അക്കാഡമിക് മേൽനോട്ടം വഹിക്കുന്നത്. മഞ്ചാടി കൂടാരത്തിന്റെ ( സാമൂഹ്യ പാഠശാല) ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും , ലഘുഭക്ഷണമുൾപ്പടെ , ദിവസേനയുള്ള ചെലവുകൾ നിർവ്വഹിക്കുന്നത് ഗ്രാമപ‌ഞ്ചായത്താണ്. ഒരു അനിമേറ്റർ, ആറ് മദർ ടീച്ചേഴ്സ്, ആറ് വളന്റിയർമാർ, എന്നിവരുടെ ഓണറേറിയം സംസ്ഥാന സർക്കാർ വഹിക്കും. നിലവിൽ ഓൺലൈൻ ക്ലാസ് നടന്നുവരുന്നുണ്ട്. കൊവിഡ് -19- ന്റെ സാഹചര്യത്തിൽ മാറ്റി വച്ച ഉദ്ഘാടനം ലളിതമായ ചടങ്ങുകളോടെ ഉടൻ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസും, ജില്ല കോ-ഓർഡിനേറ്റർ പി.വി.കുര്യാക്കോസും അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് നിർവഹിച്ചു.