
കൊച്ചി: മലയാളത്തിന്റെ പ്രിയ ഗുരുനാഥൻ പ്രൊഫ. എം.കെ. സാനുവിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ശിഷ്യരും സാമൂഹിക, സാംസ്കാരിക ലോകവും. കൊവിഡ് കാലത്ത് സാനുമാഷിന് കരുതൽ ഒരുക്കി ഓൺലൈനിലാണ് ആഘോഷം സംഘടിപ്പിച്ചത്. എഴുത്തുകാരനും അദ്ധ്യാപകനും പ്രഭാഷകനുമായ സാനുമാഷിന്റെ 94ാം പിറന്നാളാണ് ആഘോഷിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, എ.കെ. ബാലൻ, കെ.കെ. ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എം.വി. ശ്രേയാംസ് കുമാർ എം.പി, മാമൻ മാത്യു, നടൻ മോഹൻലാൽ, നടനും എം.പിയുമായ സുരേഷ് ഗോപി, തിരക്കഥാകൃത്ത് ജോൺപോൾ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ്, വിവിക്താനന്ദ സരസ്വതി തുടങ്ങി നിരവധി പ്രമുഖർ ഓൺലൈനിൽ ആശംസകൾ നേരാനെത്തി.
ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ സാധിച്ചെന്ന് വിശ്വസിക്കുന്നുവെന്ന് ആശംസകൾ നേർന്നവർക്ക് മാഷ് മറുപടി നൽകി. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട സമയം ഏതെന്ന് ചോദിച്ചാൽ അത് അദ്ധ്യാപകനായിരുന്ന കാലമാണ്. ലോക്ക് ഡൗൺ കാലത്ത് പുറത്തൊന്നും പോവാൻ കഴിയാതെ വിഷാദാവസ്ഥയിലേക്ക് പോയതാണ്. പിന്നെ അതൊക്കെ മാറി. കേസരി ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രപഠനം ഈ സമയത്ത് എഴുതിത്തീർത്തെന്നും അദ്ദേഹം പറഞ്ഞു.
കാരിക്കാമുറിയിലെ വസതിയായ സന്ധ്യയിലും മേയർ സൗമിനി ജെയിൻ ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേരാനെത്തി.
ആലപ്പുഴ സ്വദേശിയായ സാനു മഹാരാജാസ് കോളേജ് അദ്ധ്യാപകനായാണ് ഏഴു പതിറ്റാണ്ട് മുമ്പ് എറണാകുളത്ത് എത്തിയത്. മുൻ കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാർ രവി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേരുടെ ഗുരുനാഥനാണ് അദ്ദേഹം. എറണാകുളത്തെ പ്രതിനിധീകരിച്ച് ഒരു തവണ എം.എൽ.എയും ആയിട്ടുണ്ട്.