gilnet

തോപ്പുംപടി: ഒൻപത് മാസത്തെ ഇടവേളക്ക് ശേഷം കൊച്ചി തോപ്പുംപടി ഹാർബറിൽ ഗിൽനെറ്റ് ബോട്ടുകൾ മീനുമായി എത്തിയതോടെ ഹാർബർ ഉൽസവ ലഹരിയിലായി.ഇതോടെ കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങളും ഉഷാറായി.

ജവോഹഷമ്മ, ലിവിംങ് ഗോഡ് എന്നീ രണ്ട് ബോട്ടുകളാണ് ബോട്ട് നിറയെ വലിയ മീനുകളുമായി എത്തിയത്. മറ്റു ബോട്ടുകാർ ഇവരെ തടയുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും സംഘർഷങ്ങൾ ഒഴിവായി. ഇതിനിടെ ഗിൽനെറ്റ് ബോട്ടിലെ തൊഴിലാളികൾക്ക് കൊവിഡ് എന്ന ആശങ്കയിൽ ചിലരെ പരിശോധനക്ക് വിധേയമാക്കി.

ഇന്നലെ ബോട്ടിലെ തൊഴിലാളികൾ ആരും തന്നെ പുറത്തിറങ്ങിയില്ല. ഇന്ന് ഇവർ തിരിച്ച് കടലിലേക്ക് പോകും. ഹാർബർ തുറന്ന വേളയിൽ പേഴ്സീൻ, ട്രോൾനെറ്റ് ബോട്ടുകൾക്കായിരുന്നു അനുമതി. ഇതേ തുടർന്ന് കഴിഞ്ഞ 50 വർഷമായി കൊച്ചി കേന്ദ്രീകരിച്ച് മൽസ്യ വിപണനം നടത്തിയിരുന്ന ഗിൽനെറ്റ് ബോട്ടുകൾ കൊച്ചി തീരം വിട്ടു പോകുമോ എന്ന ആശങ്കയിലായിരുന്നു. ഹാർബറിലെ പ്രധാന വരുമാനമാർഗമായ ഗിൽ നെറ്റ് ബോട്ടുകൾ വരാതായതോടെ ഹാർബറിലെ ജോലിക്കാരും ദുരിതത്തിലായി. 2 ആഴ്ച മുൻപ് 2 ഗിൽനെറ്റ് ബോട്ടുകൾ ഹാർബറിൽ അടുത്തെങ്കിലും സർക്കാർ ഉത്തരവിനെ തുടർന്ന് മറ്റു ബോട്ടുകാർ ഇവരെ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കെ.ജെ. മാക്സി എം.എൽ.എയും അസോസിയേഷനും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഗിൽനെറ്റ് ബോട്ടുകാർക്ക് പ്രവേശന അനുമതി നൽകിയത്.