
കൊച്ചി: ദുബായിൽ നിന്ന് യു.ഇ.എ കോൺസുലേറ്റിലേക്കുള്ള നയതന്ത്രചാനൽ വഴി സ്വർണം അയച്ചത് നാൽവർ സംഘമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. 21 തവണയാണ് സ്വർണം കടത്തിയത്. അതിൽ 14 തവണയും യു.എ.ഇ പൗരനായ ദാവൂദാണ് സ്വർണം അയച്ചത്.
ആദ്യത്തെ നാലു തവണ പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിനായിരുന്നു ദൗത്യം. അഞ്ചു മുതൽ 18 തവണ വരെ ദാവൂദിനായിരുന്നു ചുമതല. ദുബായ് സ്വദേശിയായ ഹാഷിമാണ് 19 -ാം തവണ അയച്ചത്. അടുത്ത രണ്ടു ഘട്ടങ്ങളിൽ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദും..സ്വർണക്കടത്തിന് നിക്ഷേപമായി കെ.ടി.റെമീസും ജലാലും സ്വീകരിക്കുന്ന പണം ഹവാല ഇടപാടിലൂടെ ദുബായിലുള്ള ഷാഫിയ്‌ക്കാണ് ആദ്യം കൈമാറുന്നത്. ഇയാൾ ഷെമീർ എന്നയാളെ ഏൽപ്പിക്കും. ഷെമീർ ദാവൂദിന് പണം നൽകുന്നതോടെ സ്വർണം അയയ്‌ക്കാനുള്ള നടപടികൾ തുടങ്ങും.. ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാനാണ് സ്വർണം അയയ്‌ക്കുന്നവരെ ഇടയ്ക്കിടയ്ക്ക് മാറ്റിയിരുന്നതെന്ന് കെ.ടി. റെമീസ് കസ്‌റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.വാട്ടർ പ്യൂരിഫയറിൽ ഒളിപ്പിച്ചായിരുന്നു ആദ്യം സ്വർണം കടത്തിയത്. പിന്നീട് ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾക്കുള്ളിലും പൈപ്പുകൾക്ക് ഉള്ളിലേക്കുമായി കടത്ത്.
സ്വർണക്കടത്ത് കോ- ഓർഡിനേറ്റ് ചെയ്യുന്ന ചുമതലക്കാരനായിരുന്നു കഴിഞ്ഞ ദിവസം എൻ.ഐ.എ അറസ്‌റ്റ് ചെയ്‌ത റബിൻസ്. എല്ലാം കാര്യങ്ങളും അറിയാവുന്നവർ റെമീസും റെബിൻസുമായിരുന്നു. ഫൈസൽ ഫരീദിനെ നേരിട്ട് പരിചയമില്ലെങ്കിലും കൂട്ടുപ്രതിയായ മൂവാറ്റുപുഴ സ്വദേശി ജലാലിന്റെ സുഹൃത്താണെന്നും റെമീസിന്റെ മൊഴിയിൽ പറയുന്നു. സ്വർണമയച്ച നാൽവർ സംഘത്തിലെ ആരെയും അറസ്‌റ്റ് ചെയ്തിട്ടില്ല. ഇവരെല്ലാം ദുബായിലാണ്. ഫൈസൽ ഫരീദ് ദുബായിൽ ജയിലിലും.
ദുബായ് കസ്‌റ്റംസും പിടികൂടി
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് ഒരു തവണ ദുബായ് കസ്‌റ്റംസും പിടി കൂടി. സാധനങ്ങളുടെ പട്ടികയിൽ സ്വർണം ഇല്ലാതിരുന്നതോടെയാണ് തടഞ്ഞുവച്ചത്. സ്വർണം പിന്നീട് ബാഗേജയച്ചയാൾക്ക് തിരികെ നൽകി. ദുബായിൽ നിന്ന് സ്വർണം പണം നൽകി വാങ്ങിയതിനാൽ മറ്റ് നടപടികളുണ്ടായില്ല.